നെടുമങ്ങാട്: കാലഘട്ടങ്ങളെ ഇളക്കി മറിച്ച നാടക വേദികൾ ഇന്ന് ഓർമ്മയാവുകയാണ്. അടുത്ത കാലത്തായി ആളൊഴിഞ്ഞ് ശൂന്യമായ ഉത്സവപ്പറമ്പുകൾ ഈ സീസണോടെ പൂർണ്ണമായും അപ്രത്യക്ഷമാവുമോ എന്നാണ് കലാസമിതി ഉടമകളുടെയും കലാകാരന്മാരുടെയും ആശങ്ക. പ്രളയാനന്തരം കലാപരിപാടികളും സാംസ്കാരിക മേളകളും ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തോടെ പ്രതിസന്ധിയിലായ കലാസമിതികൾ ശബരിമല സ്ത്രീ പ്രവേശന വിഷയത്തോടെ ഇരുട്ടടി കിട്ടിയ അവസ്ഥയിലാണ്. ക്ഷേത്രങ്ങളിൽ ഉത്സവാഘോഷങ്ങൾ പരിമിതപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുകയാണ്. ഒട്ടുമിക്ക പ്രദേശങ്ങളിലും പൊലീസിന്റെ നിയന്ത്രണമുള്ളതിനാൽ മൈക്ക്സെറ്റ് പ്രവർത്തിപ്പിക്കാൻ അനുവാദമില്ല. ഇതോടെ ഉത്സവങ്ങൾ ക്ഷേത്രച്ചടങ്ങുകളിൽ ഒതുക്കുകയാണ്. മുൻകൂട്ടി അഡ്വാൻസ് നൽകി ബുക്ക് ചെയ്തിരുന്ന പ്രോഗ്രാമുകൾ നിലവിലെ സാഹചര്യത്തിൽ കാൻസൽ ചെയ്യുന്നതും തുടർക്കഥയായിട്ടുണ്ട്. മകരവിളക്കിന് ഒരിടത്ത് നിന്ന് മറ്റൊരു വേദിയിലെത്താൻ മത്സരിച്ചിരുന്ന ട്രൂപ്പുകൾക്ക് ഇത്തവണ പേരിനു പോലും വേദി ലഭിച്ചിട്ടില്ല. ഏറെ പ്രതീക്ഷയോടെ തയാറെടുപ്പ് നടത്തിയ തൈപ്പൂയത്തിനും ശിവരാത്രിക്കും ഇനിയും ബുക്കിംഗ് ആരംഭിച്ചിട്ടില്ല. സ്റ്റേജ് നിർമ്മാണം, മൈക്ക് സെറ്റ് എന്നീ അനുബന്ധ തൊഴിൽ മേഖലകളിൽ ഉപജീവനം നയിച്ചിരുന്ന വലിയൊരു വിഭാഗം തൊഴിലാളികളും ജോലി നഷ്ടപ്പെടുന്നതിന്റെ ആകുലതയിലാണ്. ഓണക്കാലത്ത് പ്രളയത്തിന്റെ പേരിൽ കലാപരിപാടികൾ ഒഴിവാക്കിയപ്പോൾ കലാകാരന്മാരുടെ കുടുംബങ്ങളും റിഹേഴ്സൽ ക്യാമ്പുകളും പട്ടിണിയുടെ നടുവിലാണ്. കലാസമിതികളിൽ ജീവിതം കരുപ്പിടിപ്പിച്ചിരുന്ന അസംഘടിത തൊഴിലാളികളുടെയും കലാകാരന്മാരുടെയും ഭാവി അനിശ്ചിതത്വത്തിലാണ്.

ട്രൂപ്പ് ഉടമകൾ കടക്കെണിയുടെ നടുവിൽ

ആറു മാസത്തിലേറെയുള്ള റിഹേഴ്‌സലും മറ്റു തയാറെടുപ്പുകളും പിന്നിട്ടാണ് ഒരു കലാരൂപം വേദിയിലെ അവതരണത്തിന് ഒരുങ്ങുന്നത്. അതുവരെ കലാകാരന്മാരുടെയും അണിയറ പ്രവർത്തകരുടെയും ചെലവുകൾ കലാസമിതി ഉടമകൾ വഹിക്കണം. സ്റ്റേജിലേയ്ക്ക് ആവശ്യമായ പശ്ചാത്തല ക്രമീകരണങ്ങളും സൗണ്ട് സിസ്റ്റവും അടക്കം ഭരിച്ച ബാദ്ധ്യത വേറെയുമുണ്ട്. വൻ തുക ബാങ്ക് വായ്പ എടുത്തും പലിശയ്ക്കെടുത്തുമാണ് മിക്ക കലാസമിതികളും രൂപീകരിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപ കടക്കെണിയുടെ നടുവിലാണ് ഭൂരിഭാഗം കലാസമിതി നടത്തിപ്പുകാരും. എന്നാൽ, നാടൻപാട്ട് സംഘങ്ങളും മിമിക്സ് ഗ്രൂപ്പുകളും ഗാനമേള സംഘങ്ങളുമടക്കം മുന്നൂറിലേറെ സമിതികൾ സീസണുകളെ സജീവമാക്കി രംഗത്തുണ്ട്. ഇവയിലെല്ലാം കൂടി മൂവായിരത്തിലേറെ കലാകാരന്മാരും കലാകാരികളുമാണ് വേദികളിൽ എത്തുന്നത്. പ്രളയവും പ്രക്ഷോഭവും കാരണം വേദികളിലെ വെളിച്ചം കെടുമ്പോൾ ഇരുട്ട് നിറയുന്നത് ഇവരെ ആശ്രയിച്ചു കഴിയുന്ന നിർദ്ധന കുടുംബങ്ങളിലാണ്.