തിരുവനന്തപുരം: പാർട്ടി അഭിഭാഷകനും സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവുമായിരുന്ന പി. കൃഷ്ണദാസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് സംസ്ഥാന ബി.ജെ.പിയിൽ പുതിയ തർക്കത്തിന് വിത്തുപാകി.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിലടക്കം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുവേണ്ടി ഹാജരാകുന്നത് കൃഷ്ണദാസാണ്. സസ്പെൻഷൻ സുരേന്ദ്രനെതിരായ കരുനീക്കമായി കരുതുന്ന മുരളീധരൻപക്ഷം പാർട്ടിക്കുള്ളിൽ പ്രതിഷേധമുയർത്തിക്കഴിഞ്ഞു. ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ ഉണ്ടായത്.
ചാനൽ ചർച്ചകൾ ബഹിഷ്‌കരിക്കാനുള്ള പാർട്ടി തീരുമാനം ലംഘിച്ചതിനാണ് അച്ചടക്കനടപടി എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അഭിഭാഷകനെന്ന നിലയിലാണ് ചാനൽചർച്ചയിൽ പങ്കെടുത്തതെന്ന് കൃഷ്ണദാസ് വിശദീകരിക്കുന്നു. നേതൃത്വത്തിന് അതു സ്വീകാര്യമായിട്ടില്ല.
ശബരിമല വിഷയത്തിൽ ജയിലിൽ കഴിയേണ്ടിവന്ന സുരേന്ദ്രൻ പുറത്തിറങ്ങിയിട്ടും സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ സജീവമായിരുന്നില്ല. സെക്രട്ടേറിയറ്റ് സമരത്തോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് യോജിപ്പില്ലായിരുന്നു എന്നാണ് വ്യാഖ്യാനം.
അതിന്റെ പ്രതിഫലനമാണ് നേതാക്കളുടെ അകൽച്ചയെന്ന് ചൂണ്ടിക്കാട്ടുന്നു. ശബരിമല സമരത്തിൽ സുരേന്ദ്രന് വേണ്ടത്ര പിന്തുണ നേതൃത്വം നൽകിയില്ലെന്നും ഒരു വിഭാഗം പരിഭവം പറയുന്നു.
പാർട്ടിയിൽ പ്രകടമാകുന്ന ചേരിപ്പോരിൽ ആർ.എസ്.എസ് നേതൃത്വവും അസ്വസ്ഥമാണെന്നാണ് സൂചന. ശബരിമല സമരത്തിലൂടെ അനുകൂലമാകുമെന്ന് പ്രതീക്ഷിച്ച രാഷ്ട്രീയാന്തരീക്ഷം മുതലെടുക്കുന്നതിന് പകരം അനാവശ്യവിവാദങ്ങൾ ക്ഷണിച്ചുവരുത്തുന്നുവെന്ന വികാരം സംഘപരിവാറിൽ ശക്തമാണ്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനവേളയിൽ താൻ വലിഞ്ഞുകയറിറി പോയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞത് കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിൽ അന്നത്തെ പാർട്ടി പ്രസിഡന്റ് കുമ്മനം രാജശേഖരൻ പങ്കെടുത്തതിനെ ഉദ്ദേശിച്ചാണെന്ന് പാർട്ടിയിൽത്തന്നെ ആക്ഷേപം ഉയരുകയും ചെയ്തു.