ayappa-bhaktha-sangamam

ദൈവത്തിനും പ്രതിഷ്‌ഠയ്‌ക്കും വ്യത്യാസമുണ്ട്

പ്രതിഷ്‌ഠയ്‌ക്ക് ആചാരങ്ങൾ വേണം

ആചാരങ്ങൾ മാറ്റേണ്ടത് തന്ത്രിയും വിശ്വാസികളും

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ശബരിമലയിലുണ്ടായ വിവാദങ്ങൾ ദൗർഭാഗ്യകരമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

ശബരിമല കർമ്മസമിതി പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമൃതാനന്ദമയി. ക്ഷേത്രത്തിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. ആചാരങ്ങളില്ലെങ്കിൽ ക്ഷേത്രങ്ങൾ നൂല് പൊട്ടിയ പട്ടങ്ങൾ പോലെയാകും. ആചാരങ്ങളെയും ക്ഷേത്രസങ്കൽപങ്ങളെയും കുറിച്ച് അറിവില്ലാത്തവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ദൈവങ്ങൾക്ക് സ്ത്രീ പുരുഷവ്യത്യാസമില്ല. എന്നാൽ ദൈവങ്ങൾക്കും ക്ഷേത്രപ്രതിഷ്ഠ‌യ്‌ക്കും വ്യത്യാസമുണ്ട്. കടലിലെ മത്സ്യവും അക്വേറിയത്തിലെ മത്സ്യവും തമ്മിലുള്ള വ്യത്യാസമാണത്. സമുദ്രത്തിലെ മത്സ്യത്തിന് ഒരു പരിചരണവും വേണ്ട. എന്നാൽ അക്വേറിയത്തിലെ മത്സ്യങ്ങൾക്ക് ഇടയ്ക്ക് വെള്ളം മാറ്റിക്കൊടുക്കണം. ഒാക്സിജൻ കിട്ടാൻ സംവിധാനമൊരുക്കണം. ഭക്ഷണം കൊടുക്കണം.നദിയിൽ ആർക്കും എങ്ങിനെയും കുളിക്കാം. എന്നാൽ സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിന് നിയമങ്ങളേറെയുണ്ട്. അതിലിറങ്ങുന്നതിന് മുമ്പ് കുളിക്കണം. പ്രത്യേകവസ്ത്രങ്ങൾ ധരിക്കണം. സോപ്പും എണ്ണയും ഉപയോഗിക്കരുത്. എന്നാൽ രണ്ടിടത്തേയും വെള്ളം ഒന്നുതന്നെയാണ്. അതുപോലെയാണ് ദൈവവും ക്ഷേത്രപ്രതിഷ്ഠയും അതിലെ ആചാരങ്ങളും. പ്രതിഷ്ഠയ്‌ക്ക് നിവേദ്യങ്ങൾ വേണം, പ്രത്യേക പൂജകൾ വേണം, ആചാരാനുഷ്ഠാനങ്ങൾ വേണം. വ്യവസ്ഥയനുസരിച്ച് ക്ഷേത്ര പ്രതിഷ്ഠ മൈനറാണ്. അതിന് സംരക്ഷകരുണ്ട്. അത് തന്ത്രിയും മേൽശാന്തിയും വിശ്വാസികളുമാണ്. വിശ്വാസമില്ലാത്തവർ ക്ഷേത്രത്തിൽ മലമൂത്രവിസർജ്ജനം വരെ നടത്തിയെന്നിരിക്കും. അവർ ക്ഷേത്രത്തെ നശിപ്പിക്കും.ആചാരപരിഷ്ക്കരണത്തിന് ഇറങ്ങുന്നവർ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്നവരെ പോലെയാണ്.

ഭക്തർക്ക് മോക്ഷപ്രാപ്തിക്കുളള സ്റ്റെയർകേസുകളാണ് ക്ഷേത്രങ്ങൾ. കയറി മുകളിലെത്തുമ്പോൾ ദൈവവും താനും ഒന്നാണെന്ന് മനസിലാകും. എന്നുവച്ച് ആരും സ്റ്റെയർകേസുകൾ പൊളിച്ചുകളയാറിയില്ലല്ലോ. അത് മനസിലാക്കിയാണ് അദ്വൈതവാദികളായ ശങ്കരാചാര്യരും ശ്രീനാരായണഗുരുവും ക്ഷേത്രങ്ങളും അവയിൽ ആചാരങ്ങളും അനുവദിച്ചത്.

ആചാരങ്ങൾ മാറ്റേണ്ടവയാണ്. എന്നാലത് തന്ത്രിയും വിശ്വാസികളുമാണ് തീരുമാനിക്കേണ്ടത്. ഭക്തർ കുട്ടികളെപോലെയാണ്. അവരോട് സംസാരിക്കേണ്ടത് ഹൃദയത്തിന്റെ ഭാഷയിലാണെന്നത് ആരും മറക്കരുത്. യുദ്ധതന്ത്രങ്ങൾ ചോദിച്ച അർജ്ജുനനോട് ശ്രീകൃഷ്ണൻ ഉപദേശിച്ചത് അത് ഭീഷ്‌മരോട് ചോദിക്കാനാണ്. കാരണം ശാസ്ത്രീയമായി പഠിച്ചവർക്കേ ഉപദേശിക്കാനും അവകാശമുള്ളൂ. ശബരിമല തീർത്ഥാടനകാലത്താണ് ആശുപത്രികളിലെ തിരക്ക് കുറയുന്നത്. കാരണം ശാരീരികമായും മാനസികമായും അത് സമൂഹത്തെ സ്വാധീനിക്കുന്നുവെന്നതാണ്. അത്തരം നല്ല വശങ്ങൾ മനസിലാക്കണം. സമൂഹത്തിന്റെ താളം കൊണ്ടുവരുന്ന ആചാരങ്ങൾ എല്ലാവർക്കും നല്ലതാണെന്നും അമൃതാനന്ദമയി പറഞ്ഞു.

ചടങ്ങിൽ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതിയും അയ്യപ്പ ഭക്തസമിതി അദ്ധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ശബരിമലയിൽ ഇൗഴവർക്കും മലയരയ‌ർക്കും ഉണ്ടായിരുന്ന അവകാശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരിച്ചുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുൻ ഡി.ജി.പി ടി.പി.സെൻകുമാർ സ്വാഗതം പറഞ്ഞു.

ശബരിമല ക്ഷേത്രത്തെ കുറിച്ച് കിളിമാനൂരിലെ ഷിബുനായർ നിർമ്മിച്ച വെബ്സൈറ്റ് ടി.പി.സെൻകുമാർ പ്രകാശനം ചെയ്തു. ശബരിമല ധർമ്മരക്ഷാപ്രതിജ്ഞ സംവിധായകൻ വിജിതമ്പി ചൊല്ലിക്കൊടുത്തു. ശതംസമർപ്പയാമി ധനസമാഹരണം കെ.പി.ശശികല ഏറ്റുവാങ്ങി. ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വേശ്വരതീർത്ഥ, ആർട്ട് ഒാഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയവർ ആശംസാവീഡിയോ സന്ദേശങ്ങൾ നൽകി. മുൻ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, ശബരിമല കർമ്മസമിതി ദേശീയ അദ്ധ്യക്ഷൻ ജസ്റ്റിസ് എൻ.കുമാർ, മുൻ പി.എസ്.സി.ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ, ആർ.എസ്. എസ്. സംസ്ഥാന സംഘചാലക് പി.ഇ.ബി.മേനോൻ, സംസ്ഥാന കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ, സി.പി.നായർ, ഒ.രാജഗോപാൽ എം.എൽ.എ, കവയിത്രി ഒ.വി.ഉഷ, അയ്യപ്പൻ പിള്ള, തുടങ്ങിയ പ്രമുഖരും സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ഹിന്ദുസന്യാസിമാർ, വിവിധ സമുദായസംഘടനാ നേതാക്കൾ തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു.

നേരത്തെ പാളയത്തുനിന്ന് ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത നാമജപഘോഷയാത്രയും നടന്നു.