തിരുവനന്തപുരം: ബാലഭാസ്കറിന്റെ ഓർമ്മകൾ ഇന്ന് ഒരിക്കൽ കൂടി നാദപ്രവാഹമാകും. വയലിൻ മാന്ത്രികന് എത്രയും പ്രിയപ്പെട്ട കൂട്ടുകാരൻ കീ ബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസിയാണ് നൊമ്പരമുണർത്തുന്ന ഓർമ്മകളിലേക്ക് ഈണങ്ങളിലൂടെ ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ രാകേന്ദു ആഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയും അച്ഛൻ സി.കെ. ഉണ്ണിയും പങ്കെടുക്കും. കീബോർഡിലെ മാന്ത്രികൻ സ്റ്റീഫൻ ദേവസ്യയും വയലിനിലെ പ്രതിഭാസം ബാലഭാസ്‌കറും നിരവധി പരിപാടികൾ ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള പരിപാടിയെന്നറിഞ്ഞാൽ പിന്നെ നിമിഷങ്ങൾക്കുള്ളിലാണ് ടിക്കറ്റുകൾ വിറ്റ് തീർന്നിരുന്നത്. ബാലഭാസ്കർ സ്‌മൃതി സംഗീതത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി, കെ. മുരളീധരൻ എം.എൽ.എ, പ്രഭാവർമ്മ, ശ്രീകുമാരൻ തമ്പി, നെടുമുടി വേണു, സൂര്യ കൃഷ്ണമൂർത്തി, ഡോ.കെ. ഓമനക്കുട്ടി, നവകേരളം കർമ്മ പദ്ധതി കോ- ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, നിർമ്മാതാവ് സുരേഷ്‌കുമാർ, നടി മേനക, പത്മജാ രാധാകൃഷ്ണൻ, പ്രമോദ് പയ്യന്നൂർ, മഹേഷ് പഞ്ചു, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി തുടങ്ങിയവർ പങ്കെടുക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രതിമാസ പരിപാടിയായ സംസ്‌കൃതി സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് ഈ പരിപാടി. ബാലഭാസ്കറിന്റെ വേർപാടിനെ തുടർന്ന് പൊതുചടങ്ങുകളിൽ നിന്നും മാറിനിന്നിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ആദ്യമായി പങ്കെടുക്കുന്ന പൊതുചടങ്ങാണിതെന്ന് വൈലോപ്പിള്ളി സംസ്‌കൃതിഭവൻ സെക്രട്ടറി എം.ആർ. ജയഗീത അറിയിച്ചു.