മെൽബൺ : ആസ്ട്രേലിയൻ ഒാപ്പൺ ടെന്നിസിൽ അട്ടിമറികളുടെ ഞായർ. ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരങ്ങളിൽ പുരുഷവിഭാഗത്തിലെ നിലവിലെ ചാമ്പ്യൻ റോജർ ഫെഡററും കഴിഞ്ഞതവണത്തെ റണ്ണർഅപ്പ് മാരിൻ സലിച്ചും വനിതാവിഭാഗത്തിൽ മുൻ ചാമ്പ്യൻ മരിയ ഷറപ്പോവയും രണ്ടാംസീഡ് ഏൻജലിക് കെർബറും അട്ടിമറിക്കപ്പെട്ടു.
20 കാരനായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സി പാസാണ് 20 ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള റോജർ ഫെഡറർ എന്ന 37 കാരനെ ഇന്നലെ അട്ടിമറിച്ചത്. കഴിഞ്ഞ രണ്ട് സീസണിലും ആസ്ട്രേലിയൻ ഒാപ്പൺചാമ്പ്യനായിരുന്ന ഫെഡററെ നാല് സെറ്റ് നീണ്ടപോരാട്ടത്തിലാണ് സ്റ്റെഫാനോസ് അടിയറവ് പറയിച്ചത്. സ്കോർ : 6-7, (11-13), 7-6, (7-3), 7-5, 7-6 (7-5) 14-ാം സീഡായി മത്സരിച്ച സ്റ്റെഫാനോസ് ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഗ്രീക്കുകാരനുമായി.
ഫെഡററും സ്റ്റെഫാനോസും തമ്മിലുള്ള രണ്ടാമത്തെ മാത്രം പോരാട്ടമായിരുന്നു ഇത്. ഇൗ മാസമാദ്യം നടന്ന ഹോഫ് മാൻ കപ്പ് ടീം ടെന്നിസ് ടൂർണമെന്റിൽ ഫെഡറർ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സ്റ്റഫെനോസിനെ തോൽപ്പിച്ചിരുന്നു. പ്രീക്വാർട്ടറിൽ ആദ്യസെറ്റ് മാത്രമാണ് ഫെഡറർക്ക് നേടായത്. അതും ടൈബ്രേക്കറ്റിൽ 13-11 എന്ന സ്കോറിൽ. തുടർന്ന് മൂന്ന് സെറ്റുകൾ തുടർച്ചയായി നേടി സ്റ്റെഫാനോസ് യവനകഥയിലെ നായകനായി മാറുകയായിരുന്നു. രണ്ടാംസെറ്റിൽ ടൈബ്രേക്കറിലൂടെ വിജയം കണ്ട സ്റ്റെഫാനോസ് തുടർന്നുള്ള സെറ്റുകളിലും ഉശിരൻ പോരാട്ടം കാഴ്ചവച്ച് ആസ്ട്രേലിയൻ ഒാപ്പണിലെ ഹാട്രിക് കിരീടം എന്ന സ്വപ്നം അട്ടിമറിച്ചു. മൂന്നേമുക്കാൽ മണിക്കൂർ കൊണ്ടാണ് ഗ്രീക്ക് താരം ജയിച്ചത്.
ക്വാർട്ടർ ഫൈനലിൽ സ്പെയ്‌നിന്റെ റോബർട്ടോ ബാറ്റിസ്റ്റ അഗുട്ടിനെയാണ് സ്റ്റെഫാനോസ് നേരിടുക. കഴിഞ്ഞവർഷം ഫൈനലിൽ ഫെഡററോട് തോറ്റ് കിരീടം നഷ്ടമായിരുന്ന മാരിൻ സിലിച്ചിനെ അട്ടിമറിച്ചാണ് അഗൂട്ട് ക്വാർട്ടറിലേക്ക് കാലുകുത്തിയത്. ആറാം സീഡായ സിലിച്ചിനെ നാല് മണിക്കൂറോളം നീണ്ട പോരാട്ടത്തിൽ 6-7, 6-3, 6-2, 6-4 എന്ന സ്കോറിനാണ് 22-ാം സീഡായ അഗുട്ട് അട്ടിമറിച്ചത്.
പുരുഷ വിഭാഗത്തിൽ നടന്ന മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ വിജയം കണ്ടു. തോമസ് ബെർഡിച്ചിനെ 6-0, 6-1, 7-6 നാണ് നദാൽ തകർത്തത്. ക്വാർട്ടറിൽ ഗിഗോർ ഡിമിത്രോവിനെ തോൽപ്പിച്ചെത്തിയ അമേരിക്കൻ താരം തിയാഫോയെയാണ് നദാൽ നേരിടുന്നത്.
ഒരു 20 കാരന്റെ ചലഞ്ച്
* 1998 ലാണ് റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നിസിലേക്ക് കടന്നുവരുന്നത്. ആ വർഷമാണ് സ്റ്റെഫാനോസ് ജനിക്കുന്നത്.
. 2003 ൽ ഫെഡറർ തന്റെ ആദ്യ ഗ്രാൻസ്ളാം കിരീടം (വിംബിൾഡൺ) നേടുമ്പോൾ സ്റ്റെഫാനോസ് ടെന്നിസ് പരിശീലനം തുടങ്ങിയിട്ടില്ല. ആറാം വയസിലാണ് സ്റ്റെഫാനോസ് ഏതൻസിലെ ഗ്ളൈഫാദ ക്ളബിൽ പരിശീലനം തുടങ്ങുന്നത്.
. 2019 ഫെഡററെ ആസ്ട്രേലിയൻ ഒാപ്പണിൽ കീഴടക്കുമ്പോൾ സ്റ്റെഫാനോസിന് പ്രായം 20. ഫെഡറർക്ക് പ്രാെഫഷണൽ സർക്യൂട്ടിൽ 21 കൊല്ലത്തെ പരിചയസമ്പത്ത് സ്റ്റെഫാനോസിന്റെ പ്രായത്തേക്കാളെറെയാണ് ഫെഡററുടെ പരിചയസമ്പത്ത്.
യവനകഥയിലെ നായകൻ
ടെന്നിസ് താരങ്ങളുടെ മകനായി ജനിച്ച സ്റ്റെഫാനോസ് ചെറുപ്രായത്തിൽത്തന്നെ വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയ താരമാണ്. ജൂനിയർ തലത്തിൽ ലോക ഒന്നാം റാങ്കുകാരനായിരുന്നു സ്റ്റെഫാനോസ്. 2013 ലാണ് ഐ.ടി.എഫ് ടൂർണമെന്റുകളിലൂടെ വരവറിയിച്ച സ്റ്റെഫാനോസ് 2016 ലാണ് പ്രൊഫഷണൽ സർക്യൂട്ടിൽ കളിതുടങ്ങുന്നത്. കഴിഞ്ഞവർഷം വിംബിൾഡണിന്റെ പ്രീക്വാർട്ടർ വരെയെത്താൻ കഴിഞ്ഞിരുന്നു. ഇതോടെ എ.ടി.പി റാങ്കിംഗിലും വൻ ഉയർച്ചയുണ്ടായി. നിലവിൽ 15-ാം റാങ്കുകാരനാണ് സ്റ്റെഫാനോസ്.
20
ഗ്രാൻസ്ളാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് ഫെഡറർ. സ്റ്റെഫാനോസിന് പ്രായം 20 കഴിഞ്ഞിട്ടേയുള്ളൂ.
ആസ്ട്രേലിയൻ അസ്തമയം
ഒരു പക്ഷേ ഫെഡററുടെ അവസാന ആസ്ട്രേലിയൻ ഒാപ്പൺ ആയിരിക്കാം ഇത്. അടുത്തിടെ വിരമിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോൾ വിംബിൾഡണാണ് വിരമിക്കാൻ ഏറ്റവും അനുയോജ്യമായ ടൂർണമെന്റ് എന്ന് ഫെഡറർ പറഞ്ഞിരുന്നു. ഒരു പക്ഷേ ഇൗവർഷത്തെ വിംബിൾഡണിനുശേഷം ഫെഡറർ വിരമിച്ചേക്കാം.
ഇൗ വിജയത്തെക്കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. ഇൗ ഭൂമിയിലെ ഏറ്റവും സന്തോഷവനായ മനുഷ്യൻ ഇപ്പോൾ ഞാനായിരിക്കും. ടെന്നിസിലെ ഇതിഹാസമാണ് ഫെഡറർ. അദ്ദേഹത്തെ ഞാനേറെ ബഹുമാനിക്കുന്നു. എന്റെ സ്വപ്ന സാഫല്യമാണ് ഇൗ വിജയം.
- സ്റ്റെഫാനോസ് സിറ്റ്സിപാസ്
നന്നായി കളിച്ച ഒരാളോടാണ് ഞാൻ തോറ്റത്. രണ്ടാംസെറ്റ് ഞാൻ നേടേണ്ടതായിരുന്നു. അവിടം മുതലാണ് കളി കൈമോശം വന്നത്. ചില സമയം നന്നായി കളിക്കാനാകും. ചിലപ്പോൾ മോശമായി പോവും.
- റോജർ ഫെഡറർ