01

പോത്തൻകോട്: നന്നാട്ടുകാവ് പുളിമാത്തൂർ മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തിലൊരുക്കിയ ഇരട്ട കതിർമണ്ഡപങ്ങളിലിരുന്നു ആ ഇരട്ടസഹോദരന്മാർ താലിചാർത്തിയത് ഇരട്ടസഹോദരിമാരെ.ഇന്നലെ നടന്ന ഇരട്ടകളുടെ വിവാഹം നാട്ടുകാർക്കും ബന്ധുക്കൾക്കും കൗതുകമായി.

പോത്തൻകോട് കുന്നുംപുറത്ത് നിളയിൽ ദിവാകരൻ നായരുടേയും ആനന്ദവല്ലിയുടേയും ഇരട്ടകളായ ആൺമക്കൾ സതീഷിനും രതീഷിനും സഖിമാരായി കണ്ടെത്തിയത് വട്ടപ്പാറ വേറ്റിനാട് കുളമാൻകുഴി അഞ്ചുഭവനിൽ പരേതനായ എൻ.അനിൽകുമാറിന്റെയും ജെ.ഉഷാകുമാരിയുടെയും ഇരട്ടകളായ പെൺമക്കൾ ആര്യയേയും ആതിരയേയുമാണ്.സതീഷ് ആര്യയേയും രതീഷും ആതിരയേയും താലിചാർത്തി.

സതീഷും രതീഷും ഇരട്ടകളായ സഹോദരിമാരെയേ വിവാഹം കഴിക്കൂ എന്ന് ഉറപ്പിച്ച് പറഞ്ഞതോടെ വീട്ടുകാർ കഴിഞ്ഞ അഞ്ചുവർഷമായി അതിനായുള്ള അന്വേഷണത്തിലായിരുന്നു.

ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പരസ്പരം കണ്ട് ഇഷ്ടപെട്ട ഇവർക്ക് ഒരേ ദിവസം ഒരേവേദിയിൽ വിവാഹം നടത്തണമെന്ന് ഇരുവീട്ടുകാരും തീരുമാനിച്ചു.ആഡിറ്റോറിയത്തിൽ രണ്ടു കതിർമണ്ഡപങ്ങളുമൊരുക്കി. രാവിലെ 11 .15 നും 11 .45 നും ഇടയ്ക്കുള്ള രണ്ട് മുഹൂർത്തങ്ങളിലായിട്ടായിരുന്നു വിവാഹം.

നാട്ടിൽ ശങ്കുണ്ണിമാർ എന്നറിയപ്പെടുന്ന സതീഷും രതീഷും പോത്തൻകോട് യു.പി.സ്‌കൂളിൽ ലക്ഷ്മിവിലാസം ഹൈസ്‌കൂളിലും ഒരേ ക്ലാസിൽ പഠിച്ചവരാണ്. ഒരാൾ കെട്ടിടനിർമ്മാണ തൊഴിലാളിയും മറ്റൊരാൾ കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടയിലെ തൊഴിലാളിയുമാണ്. ആര്യയും ആതിരയും വട്ടപ്പാറ എൽ.എം,എസ്.ഹൈസ്‌കൂളിൽ ഒരേ ക്ലാസിലാണ് പഠിച്ചത്. ഒരാൾ പത്താം ക്ലാസ് പാസായി ടെയിലറിംഗ് രംഗത്തേക്ക് തിരിഞ്ഞപ്പോൾ, മറ്റെയാൾ പ്ലസ് ടൂ പഠനം പൂർത്തിയാക്കി.

ക്യാപ്‌ഷൻ: പുളിമാത്തൂർ മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തിൽ ഇന്നലെ വിവാഹിതരായ ഇരട്ട ദമ്പതികളായ സതീഷും ആര്യയും, രതീഷും ആതിരയും.