തിരുവനന്തപുരം: അന്തനശയനന്റെ അനുഗ്രഹപുരത്തെ വിശ്വാസനിഷ്ഠയുടെയും ആചാരപ്പെരുമയുടെയും ശരണപുരിയാക്കി, അയ്യപ്പ ഭക്തസഹസ്രങ്ങളുടെ സമുദ്രസംഗമം. ശബരിമല കർമ്മസമിതി പുത്തരിക്കണ്ടം മൈതാനത്തു സംഘടിപ്പിച്ച ഭക്തസംഗമം തലസ്ഥാന നഗരത്തിൽ വിശ്വാസത്തിന്റെ ശംഖനാദമായി മുഴങ്ങി.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നായി, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് പുത്തരിക്കണ്ടം മൈതാനത്തെ ശരണമന്ത്രങ്ങളുടെ ദേവഭൂമിയാക്കിയത്. മ്യൂസിയം ജംഗ്ഷനിൽ നിന്ന് ശരണംവിളികളുമായി അയ്യപ്പഭക്തരുടെ പുഴ പുത്തരിക്കണ്ടം മൈതനാനത്തെത്തി, പ്രാർത്ഥനകളുടെ തിരയിരമ്പുന്ന സമുദ്രമായി.
സമ്മേളനത്തിനു ഭദ്രദീപം തെളിച്ച് മാതാ അമൃതാനന്ദമയി സംസാരിക്കാൻ തുടങ്ങുമ്പോൾ സമുദ്രം ഒരു നിമിഷം തിരയൊതുക്കി കാതോർത്തു. 'മക്കളേ...' എന്ന് സംസാരിച്ചുതുടങ്ങാറുള്ള അമൃതാനന്ദമായി പക്ഷേ ആ പതിവു തെറ്റിച്ചു- ശരണമയ്യപ്പ സ്വാമി കീ ജയ്....! ചെറുചിരിയോടെ അമ്മ രണ്ടുതവണ കൈകളുയർത്തി. കൗതുകം ആവേശത്തിനു വഴിമാറിയപ്പോൾ വിശ്വാസികൾ വീണ്ടും കടലിരമ്പമായി. പിന്നെ, 'അയ്യപ്പസ്വാമി കീ ജയ്...' വിളികൾ മൈതാനത്തിനു മീതെ കാറ്റായി പടർന്നു. പിന്നീട് ശബരിമല ശാസ്താവിനെ ശനീശ്വരനായി സങ്കൽപിച്ച് പ്രാർത്ഥന.
ശബരിമല കർമ്മസമിതിയുടെ പരിപാടിയിൽ ആദ്യമായി പങ്കെടുത്ത മാതാ അമൃതാനന്ദമയി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചറുടെ ആമുഖപ്രസംഗം കഴിഞ്ഞ്, മുൻ ഡി.ജി.പി. ടി.പി. സെൻകുമാറിന്റെ സ്വാഗതപ്രസംഗം തുടങ്ങിയപ്പോഴാണ് വേദിയിലെത്തിയത്. ശംഖാരവം മുഴക്കി അമൃതാനന്ദമയിയെ വേദിയിലേക്ക് ആനയിക്കുമ്പോൾ സദസ്സിൽ നിന്ന് സംഘശരണം വിളി മുഴങ്ങി. ശബരിമല പ്രശ്നം ദൗർഭാഗ്യകരമെന്ന് പറഞ്ഞെങ്കിലും സുപ്രീംകോടതി വിധിയെക്കുറിച്ചോ സർക്കാരിനെയോ, മുഖ്യമന്ത്രിയേയോ പരാമർശിക്കാതെയായിരുന്നു അമൃതാനന്ദമയിയുടെ സൗമ്യസ്വരം.
സംഗമത്തിനു മുന്നോടിയായുള്ള നാമജപ ഘോഷയാത്ര നഗരം ചുറ്റി കിഴക്കേക്കോട്ടയിൽ എത്തുമ്പോഴേക്കും പുത്തരിക്കണ്ടം നിറഞ്ഞുതൂവിയിരുന്നു. മൈതാനത്ത് ഇടം കിട്ടാത്തവർ കിഴക്കേക്കോട്ട റോഡിലേക്കും ഗാന്ധിപാർക്കിലെ കൂറ്റൻ സ്ക്രീനിനു മുന്നിലും നിരന്നു.
സർക്കാരിനു നേരെ വിമർശനശരം,
മൊബൈൽ ഫ്ളാഷിലും പ്രതിഷേധം
തിരുവന്തപുരം: ശബരിമല കർമ്മസമിതി പുത്തരിക്കണ്ടം മൈതാനത്തു സംഘടിപ്പിച്ച അയ്യപ്പസംഗമ വേദിയിൽ സർക്കാരിന് എതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയും മുൻ ഡി.ജി.പി ടി.പി. സെൻകുമാറും ചടങ്ങിൽ അധ്യക്ഷനായിരുന്ന സ്വാമി ചിദാനന്ദപുരിയും പ്രസംഗങ്ങളിൽ തൊടുത്തത് ഇടതുസർക്കാരിന് എതിരെ മുന കൂർത്ത വിമർശന ശരങ്ങളായിരുന്നു.
മാതാ അമൃതാനന്ദമയിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം സംസാരിച്ച ആന്ധ്രയിൽ നിന്നുള്ള പരിപൂർണ്ണാനന്ദ സ്വാമി, മുഖ്യമന്ത്രി പിണറായി വിജയന്റെ ആചാരവിരുദ്ധ സമീപനങ്ങളോട് മൊബൈൽ ഫ്ളാഷ് തെളിച്ച് പ്രതിഷേധിക്കാൻ ഭക്തസംഗമത്തോട് ആഹ്വാനം ചെയ്തു. സർക്കാർ ചുമത്തിയ കള്ളക്കേസിൽ ഇരയായ കർമ്മസമിതി പ്രവർത്തകരെ സംരക്ഷിക്കാനുള്ള 'ശതം സമർപ്പയാമി' ധനസമഹാരണ യജ്ഞത്തിലേക്ക് ആയിരം രൂപ വീതം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിരവധി പേർ ആയിരവും പതിനായിരവും അതിലുമധികവും സദസ്സിൽ വച്ചുതന്നെ സംഭാവന നൽകി.
വിശ്രുത സംഗീതജ്ഞൻ കെ.ജി. ജയൻ പ്രാർത്ഥനാഗീതം ആലപിച്ചു. സദ്സ്വരൂപാനന്ദ സ്വാമി, ഇ.എസ്. ബിജു,എൻ. കെ. നീലകണ്ഠൻ മാസ്റ്റർ തുടങ്ങിയർ സദസ്സിനെ പരിചയപ്പെടുത്തി. ശബരിമല കർമ്മസമിതി ദേശീയ അദ്ധ്യക്ഷൻ ജസ്റ്റിസ് എൻ. കുമാർ, ചിന്മയ മിഷൻ കേരള അദ്ധ്യക്ഷൻ വിവിക്താനന്ദ സരസ്വതി, തമിഴ്നാട് കാമാക്ഷിപുരം ആധീനം ശാക്തശിവലിംഗേശ്വര സ്വാമി, ശ്രീരാമകൃഷ്ണ മഠത്തിലെ ഗോലോകാനന്ദ സ്വാമി, ശിവശിരി മഠത്തിലെ ബോധിതീർത്ഥ സ്വാമി, സംബോധ് ഫൗണ്ടേഷനിലെ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, എൻ.എസ്. എസ് പ്രതിനിധിസഭാംഗം സംഗീത്കുമാർ, ശാന്തിഗിരി ആശ്രമത്തിലെ ഗുരുരത്നം ജ്ഞാനതപസ്വി, പത്തനംതിട്ടയിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ,കെ.പി.എം.എസ്. രക്ഷാധികാരി ടി.വി.ബാബു, തന്ത്രി സമാജത്തിലെ സൂര്യൻ പരമേശ്വരൻ,ആദിവാസി മഹാസഭാ പ്രസിഡന്റ് മോഹൻ ത്രിവേണി,കേരള വിശ്വകർമ്മ സഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സതീശ് പത്മനാഭൻ, തുടങ്ങിയവർ സംസാരിച്ചു. മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ സ്വാഗതവും ഡോ.മധുസൂദനൻ നന്ദിയും പറഞ്ഞു.