australian-open-sharapova
AUSTRALIAN OPEN SHARAPOVA

മെൽബൺ : ആസ്ട്രേലിയൻ ഒാപ്പണിൽ ഇന്നലത്തെ അട്ടിമറികളുടെ തുടക്കം വനിതാവിഭാഗം സിംഗിൾസിലായിരുന്നു. മുൻലോക ഒന്നാംനമ്പർ താരങ്ങളായ മരിയ ഷറപ്പോവയും ഏൻജലിക് കെർബറുമാണ് അട്ടിമറിയുടെ വേദനയറിഞ്ഞത്.

2014 നുശേഷം ആദ്യ ഗ്രാൻസ്ളാം കിരീടം നേടാനിറങ്ങിയ ഷറപ്പോവയെ ആസ്ട്രേലിയക്കാരി ആഷ്ലി ബാർട്ടിയാണ് ഞെട്ടിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6, 6-1, 6-4 എന്ന സ്കോറിനായിരുന്നു ആഷ്‌‌ലിയുടെ വിജയം. ആദ്യസെറ്റ് നേടിയ ഷറപ്പോവയെ തുടർന്നുള്ള രണ്ട് സെറ്റുകളിലും ആസ്ട്രേലിയക്കാരി അടിയറവ് പറയിച്ചു. ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരിൽ 2017 ൽ വിലക്ക് നേരിട്ട ഷറപ്പോവ ഇത്തവണ മൂന്നാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻ കരോളിൻ വൊസ്നിയാക്കിയെ കീഴടക്കിയാണ് പ്രീക്വാർട്ടറിലെത്തിയിരുന്നത്. 30-ാം സീഡായി മത്സരിക്കാനിറങ്ങിയ ഷറപ്പോവയ്ക്ക് ആദ്യസെറ്റിലെ മികവ് തുടർന്ന് പുറത്തെടുക്കാനായില്ല. രണ്ടാംസെറ്റിൽ തുടർച്ചയായി ഒൻപത് ഗെയിമുകൾ കൈവിട്ടപ്പോൾ ആസ്ട്രേലിയൻ കാണികൾ മരിയയെ കൂവുകയും ചെയ്തു. മൂന്നാംസെറ്റിൽ രണ്ടുതവണ സർവ് ബ്രേക്ക് ചെയ്യപ്പെട്ടതോടെയാണ് മുൻ ലോക ഒന്നാംനമ്പരിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

ക്വാർട്ടർ ഫൈനലിൽ പെട്ര ക്വിറ്റേറാവയാണ് ആഷ്‌‌ലിയുടെ എതിതിരാളി. 2000 ത്തിന് ശേഷം ആസ്ട്രേലിയൻ ഒാപ്പണിന്റെ ക്വാർട്ടറിലെത്തുന്ന മൂന്നാമത്തെ ആസ്ട്രേലിയക്കാരിയാണ് ആഷ്‌ലി. 2005 ൽ ആലിഷ്യമോളിച്ചും 2009 ൽ ജെലന ഡോക്കിച്ചുമാണ് ഇതിന് മുമ്പ് ഇൗ നേട്ടം കരസ്ഥമാക്കിയത്.

സീഡ് ചെയ്യപ്പെടാത്ത അമേരിക്കൻ താരം ഡാനിയേലെ കോളിൻസാണ് ഏൻജലിക് കെർബറെ ക്വാർട്ടറിൽ കാലുകുത്താൻ അനുവദിക്കാതെ മടക്കി അയച്ചത്. മൂന്ന് ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള കെർബറെ 6-0, 6-2 എന്ന സ്കോറിനാണ് ഡാനിയേല അട്ടിമറിച്ചത്. ഒരുവർഷംമുമ്പുമാത്രം വനിതാ സിംഗിൾസിൽ ആദ്യ 100 റാങ്കുകൾക്ക് ഉള്ളിലേക്ക് കടന്ന താരമാണ് ഡാനിയേല. ഇപ്പോൾ 35-ാം റാങ്കുകാരിയായ ഇവർ.

ഇന്നലെ നടന്ന മറ്റൊരു വനിതാസിംഗിൾസ് പ്രീക്വാർട്ടറിൽ എട്ടാം സീഡ് പെട്ര ക്വിറ്റോവ അമേരിക്കൻ താരം അനിസിമോവയെ 6-2, 6-1ന് കീഴടക്കി. ആക്രമിയുടെ കുത്തേറ്റ് കുറച്ചുകാലം കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്ന ക്വിറ്റോവയുടെ അതിനുശേഷമുള്ള ഗ്രാൻസ്ളാമിലെ മികച്ച പ്രകടനമാണിത്.