തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച നടനോത്സവങ്ങളിലൊന്നായി പെരുമ കേൾപ്പിച്ച നിശാഗന്ധി നൃത്തോത്സവത്തിനു കനകക്കുന്നിൽ തിരിതെളിഞ്ഞു. ഇനി അനന്തപുരിയിൽ നൃത്തനൂപുര ധ്വനികളുടെ രാവുകൾ. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാർഷിക നൃത്തോത്സവത്തിന്റെ ഉദ്ഘാടനം നിശാഗന്ധി ആഡിറ്റോറിയത്തിൽ ഗവർണർ പി. സദാശിവം നിർവഹിച്ചു. വേദിയിലെത്തിയ ഏഴ് നർത്തകിമാർ കൈയിലേന്തിയ താലത്തിൽ ദീപം തെളിച്ചാണ് ഗവർണർ മേള ഉദ്ഘാടനം ചെയ്‌തത്. നിശാഗന്ധി നൃത്തോത്സവത്തിൽ ശാസ്ത്രീയ നൃത്തരൂപങ്ങൾക്കൊപ്പം തനതു നൃത്തരൂപങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചു. കല, സംസ്‌കാരം എന്നിവയെയും കേരളത്തിന്റെ പുനർനിർമ്മാണത്തിനു വിനിയോഗിക്കണമെന്നു അദ്ദേഹം പറഞ്ഞു. സംഗീതലോകത്തെ സമഗ്രസംഭാവനയ്ക്ക് ഈവർഷം മുതൽ സംസ്ഥാന സർക്കാർ മൺസൂൺ രാഗ പുരസ്‌കാരം നൽകുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ സംസാരിച്ചു. ടൂറിസം റാണി ജോർജ് സ്വാഗതവും ടൂറിസം ഡയറക്ടർ പി. ബാലകിരൺ നന്ദിയും പറഞ്ഞു. ഡോ. നീനാപ്രസാദിന്റെ മോഹിനിയാട്ടം അവതരണത്തോടെയാണ് ആദ്യദിവസം നൃത്തവേദി ഉണർന്നത്. നിശാഗന്ധി നിറഞ്ഞ നൃത്താസ്വാദകർക്ക് ലാസ്യനടനത്തിന്റെ മിഴിവും പൂർണതയും സമ്മാനിച്ച് നീനാപ്രസാദ് അരങ്ങ് നിറഞ്ഞു. വൈജയന്തി കാശിയുടെയും സംഘത്തിന്റെയും കുച്ചിപ്പുടി അവതരണമാണ് ഇന്നത്തെ ആകർഷണം.
നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം
ക്ഷേമാവതിക്ക് സമ്മാനിച്ചു
നൃത്തരംഗത്ത് സമഗ്രസംഭാവന നൽകിയിട്ടുള്ളവർക്ക് നൽകിവരുന്ന നിശാഗന്ധി പുരസ്‌കാരം പ്രശസ്‌ത മോഹിനിയാട്ട വിദുഷിയായ കലാമണ്ഡലം ക്ഷേമാവതിക്ക് ഗവർണർ സമ്മാനിച്ചു. ഒന്നരലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നർത്തകിയെന്ന നിലയിലും അദ്ധ്യാപിക എന്ന നിലയിലും മോഹിനിയാട്ടത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം.
'ഗോട്ടിപുവ' മുഖ്യ ആകർഷണം
ഒഡിസിയുടെ തനതു നൃത്തരൂപമായ 'ഗോട്ടിപുവ'യാണ് ഇത്തവണത്തെ നിശാഗന്ധി നൃത്തോത്സവത്തിന്റെ പ്രധാന ആകർഷണം. ഒഡിഷയിൽനിന്നുള്ള 'നൃത്യനൈവേദ്യ 'എന്ന സംഘടനയാണ് ഗോട്ടിപുവ അരങ്ങിലെത്തിക്കുന്നത്. ഡോ. നർത്തകി നടരാജ് എന്ന ട്രാൻസ്ജെൻഡർ കലാകാരി ഭരതനാട്യം അവതരിപ്പിക്കുന്നുവെന്നതും ഇക്കൊല്ലത്തെ പ്രത്യേകതയാണ്. രാജ്യത്തെ ഏറ്റവും മികച്ച നർത്തകരാണ് ഇത്തവണയും വേദിയിലെത്തുക. ഡോ. നീനാപ്രസാദ്, രശ്‌മിമേനോൻ എന്നിവർ മോഹിനിയാട്ടവും ക്രിസ്റ്റഫർ ഗുരുസാമി, ആദിത്യ എന്നിവർ ഭരതനാട്യവും അവതരിപ്പിക്കും. കുച്ചിപ്പുഡിയിൽ വൈജയന്തി കാശിയും റെഡി ലക്ഷ്‌മിയും മഞ്ജുശ്രീ പാണ്ഡ, രമിന്ദർ ഖുറാന എന്നിവർ ഒഡിസിയും അവതരിപ്പിക്കും. നമ്രത റായ്, മോണിസ നായക് എന്നിവരുടെ കഥക്, സുദിപ്കുമാർ ഘോഷും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി എന്നിവയാണ് മറ്റിനങ്ങൾ. 26 വരെയാണ് ഫെസ്റ്റിവൽ.