khelo-india
KHELO INDIA

പൂനെ : പൂനെയിൽ നടന്ന രണ്ടാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന് പത്താംസ്ഥാനം. 12 സ്വർണവും 16 വെള്ളിയും 30 വെങ്കലങ്ങളും ഉൾപ്പെടെ 58 മെഡലുകളാണ് കേരളം നേടിയത്.

ആതിഥേയരായ മഹാരാഷ്ട്രയാണ് ഗെയിംസ് ചാമ്പ്യൻമാർ. 85 സ്വർണവും 61 വെള്ളിയും 81 വെങ്കലങ്ങളും ഉൾപ്പെടെ 227 മെഡലുകളാണ് മഹാരാഷ്ട്ര നേടിയത്. 62 സ്വർണവും 56 വെള്ളിയും 60 വെങ്കലങ്ങളും ഉൾപ്പെടെ 178 മെഡലുകൾ നേടിയ ഹരിയാന രണ്ടാംസ്ഥാനത്തെത്തി. 48 സ്വർണം , 37 വെള്ളി, 51 വെങ്കലം എന്നിങ്ങനെ 136 മെഡലുകൾ നേടിയ ഡൽഹി മൂന്നാംസ്ഥാനത്തെത്തി.

അത്‌ലറ്റിക്സിലാണ് കേരളം മികച്ച പ്രകടനം നടത്തിയത്. 10 സ്വർണവും ഒൻപത് വെള്ളിയും 13 വെങ്കലങ്ങളും ഉൾപ്പെടെ 32 മെഡലുകളാണ് കേരളം അത്‌ലറ്റിക്സിൽനിന്ന് വാരിക്കൂട്ടിയത്. എന്നാൽ അത്‌ലറ്റിക്സ് മെഡൽ നിലയിൽ മൂന്നാംസ്ഥാനത്തെത്താനേ കേരളത്തിന് കഴിഞ്ഞുള്ളൂ. 13 സ്വർണമുൾപ്പെടെ 33 മെഡലുകൾ നേടിയ മഹാരാഷ്ട്രയാണ് അത്‌ലറ്റിക്സിലും ചാമ്പ്യൻമാർ. 11 സ്വർണം നേടിയ തമിഴ്നാട് രണ്ടാംസ്ഥാനത്തെത്തി.

ബാസ്കറ്റ് ബാളിൽ കേരളത്തിന് നാല് വെങ്കലങ്ങൾ ലഭിച്ചു. വെയ്റ്റ് ലിഫ്ടിംഗിൽ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടാനായി. നീന്തലിൽ ഒരു സ്വർണവും ഒരു വെങ്കലവും ലഭിച്ചു. വോളിബാളിൽ ഒാരോ സ്വർണവും വെള്ളിയും വെങ്കലവും നേടി.