തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് താൻ രാജാവാണെന്ന് തോന്നുന്ന അനർത്ഥമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ഒരു മന്ത്രിയും രംഗത്തെത്തി. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്ത്രിയെ അല്ല മേൽശാന്തിയെ ആണ് പുറത്താക്കിയത്. അത് ചെയ്തത് മന്ത്രിയല്ല, രാജാവാണ്. പക്ഷേ, ഇന്ന് മുഖ്യമന്ത്രിക്ക് താൻ രാജാവാണെന്ന് തോന്നുകയാണ്. അതു തിരുത്തപ്പെടണം. ജുഡീഷ്യറിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിച്ചു. വിധിയിൽ കാര്യമായ കുഴപ്പമുണ്ടെന്ന് കോടതിക്ക് തോന്നിയത് കൊണ്ടാണിത്. എന്നാൽ സർക്കാരിന് അതു മനസിലായില്ല. ഒരു സമൂഹത്തെ ചവിട്ടിമെതിക്കാൻ തീരുമാനിച്ചാൽ കേരളം അതിനു മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.