കണ്ണൂർ: പരാതികൾക്ക് ഒരു കുറവുമില്ല, പക്ഷേ, അവയൊന്നും പരിഹരിക്കാൻ സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ആവശ്യത്തിന് അംഗങ്ങളില്ല. 11 ജില്ലകളിൽ ഇതാണ് സ്ഥിതി. അംഗങ്ങളുടെ നിയമനത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടും കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പരാതികൾ ലഭിച്ചാൽ മൂന്ന് മാസത്തിനകം പരിഹാരമുണ്ടാകണമെന്നിരിക്കെ ആറു വർഷത്തോളമായി കെട്ടിക്കിടക്കുന്ന പരാതികൾ വരെ ഫോറങ്ങളുടെ മുന്നിലുണ്ട്.
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പ്രസിഡന്റും വനിത ഉൾപ്പെടെ രണ്ട് അംഗങ്ങളുമാണ് ഉണ്ടാകേണ്ടത്. ഇതിൽ രണ്ടുപേർ ഉണ്ടെങ്കിൽ മാത്രമേ പരാതി കേൾക്കാനാകൂ. പല ജില്ലകളിലും പരാതികൾ കേൾക്കാനുള്ള അംഗങ്ങൾ പോലുമില്ല. കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ രണ്ട് അംഗങ്ങളുടെ ഒഴിവുകളുണ്ട്. ഇവിടങ്ങളിൽ മാസങ്ങളായി പരാതി പരാഹരമില്ലെന്നുള്ളത് ഉപഭോക്താക്കളെ നിരാശരാക്കുന്നു.
ജില്ലാ ഫോറത്തിൽ അംഗങ്ങളെയും പ്രസിഡന്റിനെയും അഞ്ച് വർഷത്തെ കാലാവധിയിലാണ് നിയമിക്കുന്നത്. എന്നാൽ ഇവരുടെ കാലാവധി തീർന്നാലും പുതിയ അംഗങ്ങളുടെ നിയമനം വൈകും. പുതിയ അംഗങ്ങൾ എത്തുമ്പോഴേക്കും പരാതികൾ കുന്നുകൂടിയിരിക്കും. ചില ജില്ലകളിൽ അംഗങ്ങളുടെ ഒഴിവുകൾ നികത്താൻ നടപടികൾ ആരംഭിച്ചുവെങ്കിലും പൂർത്തിയായിട്ടില്ല.
വാദം കേൾക്കില്ലെന്ന് ബോർഡ്
കണ്ണൂരിലെ ജില്ലാ ഫോറത്തിൽ രണ്ട് അംഗങ്ങളും അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയിട്ട് രണ്ടുമാസം കഴിഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരാതികളിൽ വാദം കേൾക്കില്ലെന്ന് ഇവിടെ എഴുതി വച്ചിരിക്കുകയാണ്. 1500ലധികം പരാതികൾ ഇവിടെ കെട്ടിക്കിടക്കുന്നുണ്ട്. കണ്ണൂരിലെ ഫോറം പ്രസിഡന്റിനാണ് കാസർകോടിന്റെയും ചുമതല. മൂന്ന് ദിവസം കാസർകോടും മൂന്ന് ദിവസം കണ്ണൂരിലുമായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
കോട്ടയം ജില്ലയിൽ ഫോറം പ്രസിഡന്റിന്റെ കാലാവധി പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞു. ആലപ്പുഴയിൽ ഒരു അംഗത്തിന്റെയും പ്രസിഡന്റിന്റെയും കാലാവധി പൂർത്തിയായി. കൊല്ലം, പത്തനംതിട്ട ഫോറം പ്രസിഡന്റുമാർക്കാണ് ആലപ്പുഴയിൽ അധിക ചുമതല നൽകിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ഫോറം പ്രസിഡന്റ് ഫെബ്രുവരിയിൽ വിരമിക്കാനിരിക്കെ ഇവിടെയും നിയമനം നീളുമോയെന്ന ആശങ്കയുമുണ്ട്.
'' പരാതികൾക്ക് പരിഹാരമില്ലാതെ ഉപഭോക്താക്കൾ പരാതി പരിഹാര ഫോറങ്ങളെ ഉപേക്ഷിക്കുന്ന സ്ഥിതിയാണുള്ളത്. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിൽ സർക്കാരിന് താല്പര്യമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അഡ്വ. ഡി.ബി ബിനു, വിവരാവകാശ പ്രവർത്തകൻ