കൊച്ചി: മാനസിക രോഗികൾക്ക് നൽകുന്ന ലക്ഷം രൂപയുടെ മയക്കുമരുന്നുമായി എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായ യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പള്ളുരുത്തി കണ്ണംമാലി സ്വദേശികളായ പട്ടാളത്ത് വീട്ടൽ സേവ്യർ അജയ് (20), പാണ്ട്യാലക്കൽ മാർട്ടിൻ റിബിൻ(20), തപ്പലോടത്ത് ക്രിസ്റ്റി റോയ് (21) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽ നിന്നും 200 എണ്ണം നൈട്രോസാൻ മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. പോണ്ടിച്ചേരിയിൽ നിന്നും ഒരു സ്ട്രിപ്പിന് 50 രൂപയ്ക്ക് വാങ്ങുന്ന ഗുളിക കൊച്ചിയിൽ 500 രൂപയ്ക്കാണ് വില്പന നടത്തുന്നത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഒരു ഗുളിക കഴിച്ചാൽ 24 മണിക്കൂർ നേരം ലഹരി ലഭിക്കും. ഡോക്ടർമാരുടെ നിർദേശമില്ലാതെ നൈട്രോസാൻ ഗുളിക വാങ്ങുന്നത് പത്തുവർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ചാത്യാത്ത് ഭാഗത്ത് നിന്ന് ഞായറാഴ്ചയാണ് എസ്.ഐ കെ. സുനുമോന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. എ.സി.പി കെ ലാൽജി, സി.ഐ എ അനന്തലാൽ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. സീനിയർ സി.പി.ഒ സുധീർ, സി.പി.ഒമാരായ ഷിബു, ഇഗ്‌നേഷ്യസ്, ഇസ്ഹാഖ്, രഞ്ജിത്, ശർമ പ്രസാദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.