തിരുവനന്തപുരം: ഗിറ്റാറിന്റെ തന്ത്രികളിൽ കർണാടക സംഗീതത്തിന്റെ രാഗലയം മീട്ടുയുണർത്തിയ മാന്ത്രികൻ ജോൺ ആന്തണിയുടെ (62) അപ്രതീക്ഷിത വിയോഗത്തിൽ അഞ്ജലിയുമായി സംഗീതലോകം. സ്വപ്നപദ്ധതിയായ സംഗീത ആൽബത്തിന്റെ റിഹേഴ്സലിനിടെ, പൂജപ്പുര റെയിൽവേ കോളനിയിലെ സ്വന്തം വീടായ ‘മാന്റർലി’യിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് ജോണിന് ഹൃദയാഘാതമുണ്ടായത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോണിനെ രക്ഷിക്കാനായില്ല.
പി.എസ്.സി മുൻ അംഗം ഡോ.ഇ.പി.ആന്തണിയുടേയും ആലീസിന്റേയും മകനായി 1957ൽ എറണാകുളത്താണ് ജോൺ ആന്തണിയുടെ ജനനം.ഗിറ്റാറിന്റെ ലഹരിയിലേക്കു പിച്ചവച്ച കുട്ടിക്കാലം. പാശ്ചാത്യർക്കു മാത്രം പരിചയമുണ്ടായിരുന്ന ജാസ് ഉൾപ്പെടുത്തിയുള്ള ബാൻഡ് സംഗീതം മലയാളത്തിനു പരിചയപ്പെടുത്തിയത് ജോണാണ്. 'സ്റ്റോണേജ് ', 'ഹൈജാക്കേഴ്സ്' എന്നീ ബാൻഡ് സംഘങ്ങളിൽ സജീവമാകുമ്പോൾ ജോണിനു വെറും പതിനഞ്ചു വയസ്.
ഗായകൻ യേശുദാസിന്റെ സംഗീതവിദ്യാലയമായ തരംഗനിസരിയിൽ അദ്ധ്യാപകനായി 1979 ലാണ് തിരുവന്തപുരത്തേക്കുള്ള ജോണിന്റെ വരവ്. പാശ്ചാത്യ സംഗീതത്തിലെ പ്രാവീണ്യത്തിനൊപ്പം കർണാടക സംഗീതം കൂടി സ്വായത്തമാക്കണമെന്ന് മനസ്സു പറഞ്ഞപ്പോൾ പ്രശസ്‌ത സംഗീതജ്ഞൻ എം.ജി.രാധാകൃഷ്ണനെ തേടിച്ചെന്നു. ആ അടുപ്പമാണ് ജോണിനെ സിനിമയിലെത്തിച്ചത്.
മലയാളത്തിലും തമിഴിലുമായി രണ്ടായിരത്തിലേറെ ചലച്ചിത്ര ഗാനങ്ങൾക്ക് ജോൺ ലീഡ് ഗിത്താർ വായിച്ചു. ശ്യാം, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചു. സംവിധായകൻ പ്രിയദർശന്റെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ 'താളവട്ടത്തിലെ' പൊൻവീണേ... എന്ന ഗാനത്തിന് സോളോ ഗിറ്രാർ മീട്ടിയത് ജോണിന്റെ വിരലുകളായിരുന്നു.
ജോൺ ആന്തണി 1980ൽ ചെന്നൈയിൽ ആരംഭിച്ച 'റൂട്സ് ' ബാൻഡിലൂടെയാണ് പിന്നീട് സംഗീത ലോകത്ത് വിസ്മയങ്ങൾ തീർത്ത എ.ആർ.റഹ്മാനും ഡ്രമ്മർ ശിവമണിയും ശ്രദ്ധിക്കപ്പെട്ടത്. മൂന്നു പതിറ്റാണ്ടു കാലം ഗിറ്റാറിസ്റ്റായും സംഗീതാദ്ധ്യാപകനായും പ്രവർത്തിച്ച ജോൺ ആന്തണി തിരുവനന്തപുരം,കൊച്ചി, ചെന്നൈ നഗരങ്ങളിലായിട്ടായിരുന്നു താമസം. വിവിധ രാജ്യങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറിലധികം സംഗീത പരിപാടികളുടെ ഭാഗമായി. ഒട്ടേറെ അന്താരാഷ്ട്ര ബഹുമതികൾ നേടി. സംഗീത ജീവിതത്തിനിടെ പരിസ്ഥിതി പ്രവർത്തകനെന്ന നിലയിലും കാർട്ടൂണിസ്റ്റായും ശ്രദ്ധ നേടി.
ഹോളിവുഡ് ആനിമേഷൻ സ്പെഷ്യലിസ്റ്റായ ഏക മകൻ സിദ്ധാർത്ഥ് ജോൺ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്‌കാരം. സുപ്രീതയാണ് ഭാര്യ. മൃതദേഹം അനന്തപുരി ആശുപത്രി മോർച്ചറിയിൽ.