തിരുവനന്തപുരം: തന്നേക്കാൾ വലിയ ഗിറ്റാറും തൂക്കി മുറിയിലേക്കു കയറിവന്ന പയ്യനെ റോജർ ഡി. ജാങ്കേ ഒന്നു സൂക്ഷിച്ചുനോക്കി. കഷ്‌ടിച്ച് പത്തെമ്പതു വയസു കാണും. ഗായകൻ യേശുദാസിന്റെ സംഗീത വിദ്യാലയമായിരുന്ന 'തരംഗനിസരിയി'ലേക്ക് പുതിയ ബാച്ച് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന സംഗീത പരീക്ഷ കൊച്ചിയിൽ നടക്കുകയാണ്. അമേരിക്കൻ പിയാനോയിസ്റ്റ് ആയ റോജർ ജാങ്കേയാണ് അന്ന് തരംഗനിസരിയുടെ പ്രിൻസിപ്പൽ.

പഠിച്ചതും ഉറക്കമിളച്ചു പരിശീലിച്ചതുമൊക്കെ വിരലുകളിലേക്കു പക‌‌ർന്ന് പയ്യൻ ഗിറ്റാർ മീട്ടി.

യുവർ നെയിം?​ വെളുത്തു മെലിഞ്ഞ പയ്യൻ പേരു പറഞ്ഞു: ജോൺ ആന്തണി. അടുത്ത ചോദ്യം ഞെട്ടിച്ചത് പയ്യനെയാണ്. ഇവിടെ ടീച്ചറാകാൻ താത്‌പര്യമുണ്ടോ?​ ജോൺ അങ്കലാപ്പിലായി. ഗിറ്റാ‌ർ വായിക്കുമെന്നല്ലാതെ മ്യൂസിക് നോട്‌സ് എഴുതാനൊന്നും അറിയില്ല. റോജ‌ർ ചിരിച്ചു: അതു ഞാൻ പഠിപ്പിച്ചു തന്നാലോ! സംഗീതം പഠിക്കാനെത്തിയ ജോൺ അങ്ങനെ തന്നേക്കാൾ പ്രായമുള്ള വിദ്യാർത്ഥികൾക്കായി 30 ദിവസം കൊണ്ട് മ്യൂസിക് നോട്‌സ് എഴുതാൻ പഠിച്ച് അധ്യാപകനായി.

ജോണിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞാൽ തീരാത്ത കഥകളുണ്ട് സുഹൃത്തുക്കളുടെ മനസ്സിൽ. തന്റെ വിദ്യാർത്ഥിയായിരുന്ന സുപ്രിയയെ ജീവിതസഖിയാക്കാൻ ജോൺ കടന്ന കടമ്പകൾ അവരിപ്പോഴും മറന്നിട്ടില്ല. എം.ജി.രാധാകൃഷ്ണന്റെ ശിക്ഷണത്തിൽ കർണാടക സംഗീതം പഠിക്കാൻ പോയതും,​ പ്രിയദർശന്റെ ആദ്യചിത്രമായ പൂച്ചയ്ക്കൊരു മൂക്കുത്തിയിലെ ഗാനങ്ങൾക്കു ഗിറ്റാർ വായിച്ചതും സുഹൃത്തുക്കളുടെ ഓർമ്മയിലുണ്ട്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും സ്റ്റേജ് ഷോകൾ. റോക്ക് ബാൻഡുകളിലൂടെ പ്രശസ്തനായ ജോൺ ജാസ് സംഗീതവും കർണാടക സംഗീതവും സമന്വയിക്കുന്ന ഗാനങ്ങൾ ഉൾക്കൊള്ളിച്ച് 'കർണാട്രിക്സ്' എന്ന് ഫ്യൂഷൻ ബാൻഡിനും തുടക്കമിട്ടു. ചെന്നൈയിൽ സ്ഥിരതാമസമായിരുന്ന ജോൺ അ‌ഞ്ചു വർഷം മുമ്പാണ് തിരികെ തിരുവനന്തപുരത്തെത്തിയത്.