തിരുവനന്തപുരം: സംസ്ഥാനത്തെ സർവ മേഖലയേയും സ്‌പർശിക്കുന്ന നവകേരള സൃഷ്ടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സമ്പദ്‌വ്യവസ്ഥയുടെ പുന:സംഘടന - ബദൽ കാഴ്ചപ്പാട് എന്ന വിഷയത്തിൽ സെനറ്റ് ചേംബറിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സ്ഥിരതയുള്ളതും പ്രകൃതിസൗഹൃദവുമായ പുതുകേരളമാണ് സൃഷ്ടിക്കപ്പെടേണ്ടത്. സാമ്പത്തിക, കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ, പാർപ്പിട, ഊർജ്ജ, ഗതാഗത മേഖലകളെല്ലാം ഇതിലുൾപ്പെടും. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രവാസി നിക്ഷേപത്തിന്റെ പങ്ക് വലുതാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളുടെ നിലപാടു കാരണം കുടിയേറ്റം നിയന്ത്രിക്കപ്പെടുകയാണ്. അതിനാൽ മറുനാട്ടിൽ നിന്നുള്ള പണവരവിലും കുറവുണ്ടായി. ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നതും ആശങ്കാജനകമാണ്. ഇവർക്ക് ചില മേഖലകളിൽ നിക്ഷേപത്തിനും സംരംഭകത്വത്തിനും അവസരമൊരുക്കണം. ഇതിനായി പ്രവാസി നിക്ഷേപ സമാഹാരണത്തിന് നടപടികൾ സ്വീകരിച്ചു വരികയാണ്.
വിദേശങ്ങളിലെ തൊഴിലവസരങ്ങളെ കൂടുതൽ ആശ്രയിക്കുന്നതിനു പകരം ഇവിടെത്തന്നെ പുതിയ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തണം.അതിനം സാങ്കേതികമേഖല ഇനിയും മുന്നോട്ടു പോകണം. കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിൽ 10 ശതമാനം നൽകുന്ന ടൂറിസം മേഖലയെ അവഗണിക്കാനാകില്ല. പപല ടൂറിസം കേന്ദ്രങ്ങളും പരിസ്ഥിതിലോല മേഖലയിലായതിനാൽ വിനോദസഞ്ചാരം പരിസ്ഥിതി സൗഹൃദമാകണം. വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങളുടെ ഭാഗമായി നവോത്ഥാന മൂല്യങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജെ.എൻ.യു എമിററ്റസ് പ്രൊഫസർ പ്രഭാത് പട്നായിക്, കേരള സർവകലാശാലാ വി.സി ഡോ.വി.പി.മഹാദേവൻ പിള്ള, ഇക്കണോമിക്സ് വിഭാഗം മേധാവി അബ്ദുൾ സലിം, സി.ഡി.എസ് ഓണററി ഫെലോമാരായ എം.എ.ഉമ്മൻ, ഡോ.കെ.പി.കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.