തിരുവനന്തപുരം :സ്ത്രീ പുരുഷ സമത്വം പ്രസംഗിക്കുന്ന സി.പി.എം ഒരിക്കലും സ്ത്രീകളെ മുഖ്യമന്ത്രിയാക്കാൻ തയ്യാറായിട്ടില്ലെന്ന് ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ആർ.എൽ.എസ് .പി - എസ് .ജെ.ഡി ലയന സമ്മേളനം ബാങ്ക് എംപ്ലോയീസ് ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര കാബിനറ്റിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്.ബി.ജെ.പി രാജസ്ഥാനിലും മദ്ധ്യപ്രദേശിലും വനിതകളെ മുഖ്യമന്ത്രിമാരാക്കിയിട്ടുണ്ട്. കേരളത്തിലോ ബംഗാളിലോ സി.പി.എം അതിനു തയ്യാറായിട്ടില്ല.ഗൗരിഅമ്മയെ മുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞിട്ട് ഒടുവിൽ തള്ളിക്കളഞ്ഞു. കോൺഗ്രസില്ലാത്ത രണ്ടു മുന്നണികൾ മാത്രമേ ഇനി കേരളത്തിൽ ഉണ്ടാകൂ. ശബരിമല വിഷയത്തോടെ കേരള സർക്കാരിനെതിരെ ജനരോഷം മാത്രമല്ല, ദൈവകോപവും ഉണ്ടായെന്ന് കൃഷ്ണദാസ് പറഞ്ഞു.
സോഷ്യലിസ്റ്റ് ജനതാദൾ -യു സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, എസ് .ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.ജോയ് ,ജനറൽ കൺവീനർ ബി.മണികണ്ഠൻ, തുടങ്ങിയവർ പങ്കെടുത്തു.