ramesh-chennithala

തിരുവനന്തപുരം: തിരുവല്ലയിൽ നെല്ലിന് കീടനാശിനി തളിച്ച രണ്ട് കർഷകത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണവും, മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്.

മരണമടഞ്ഞ സനൽകുമാറിന്റെയും മത്തായി ഈശോയുടെയും കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. കെ.പി.സി.സി പ്രസിഡന്റായിരിക്കെ താൻ ആരംഭിച്ച ഗാന്ധിഗ്രാം ഫണ്ടിൽ നിന്ന്, സ്വന്തമായി വീടില്ലാത്ത സനൽകുമാറിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സനൽകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
കൃഷിവകുപ്പിന്റെ അനാസ്ഥ മൂലമാണ് ഇത്തരം ദുരന്തം. കീടനാശിനി പ്രയോഗത്തെക്കുറിച്ച് കർഷകർക്ക് ഉപദേശം നൽകാൻ അപ്പർ കുട്ടനാട്ടിലെ പല പഞ്ചായത്തുകളിലും വേണ്ടത്ര കൃഷി ഓഫീസർമാരോ ജീവനക്കാരോ ഇല്ല. ഈ പ്രദേശങ്ങളിൽ നിരോധിത കീടനാശിനകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പരിശോധനകൾ കർശനമാക്കാൻ കൂടുതൽ കൃഷി ഓഫീസർമാരെ നിയമിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.