വെഞ്ഞാറമൂട്:മോട്ടോർ ബൈക്കും ആട്ടോ റിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെഞ്ഞാറമൂട് മുക്കുന്നൂർ പള്ളിവിള വീട്ടിൽ മോഹനൻ -പുഷ്പവല്ലി ദമ്പതികളുടെ മകൻ വിപിൻ ആണ് മരിച്ചത്. മുക്കുന്നൂരിൽ മിനിയാന്ന് രാത്രിയായിരുന്നു അപകടം. ഏക സഹോദരി വിസ്മയയുടെ വിവാഹംകഴിഞ്ഞ് മസ്കറ്രിലേക്ക് മടങ്ങാനിരക്കേയായാണ് 21 കാരനും കുടുംബത്തിന്റെ അത്താണിയുമായിരുന്ന വിപിന്റെ അകാലവിയോഗം.പത്ത് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
കുടുംബ പ്രാരാബ്ധങ്ങൾ മൂലം പതിനെട്ട് വയസിലേ ജോലിതേടി സൗദിയിലേക്ക് പോയതായിരുന്നു വിപിൻ. മൂന്ന് വർഷം അവിടെ ജോലിചെയ്തു. സ്വന്തമായി ഒരുവീടുവയ്ക്കുകയും ചെയ്തു. മൂന്ന് മാസം മുൻപ് നാട്ടിൽതിരിച്ചെത്തി. പുതിയ വിസയിൽ മസ്കറ്റിൽ ഷെഫ് അയി കാറ്ററിംഗ് കമ്പനിയിൽ ജോലി നോക്കുകയായിരുന്നു.അപ്പോഴാണ് ചേച്ചിയുടെ വിവാഹം ശരിയായത്. മിനിയാന്ന് സഹോദരിയുടെ വിരുന്നുസത്കാരം കഴിഞ്ഞ് അളിയനെയും ചേച്ചിയേയും യാത്രയാക്കിയിരുന്നു. ബൈക്കിൽ സുഹൃത്തിനൊപ്പം വെഞ്ഞാറമൂട് ജഗ്ഷനിലെത്തി വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ബൈക്ക് ആട്ടോയുമായി കൂട്ടിയിടിച്ച് വിപിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സുഹൃത്ത് മുക്കുന്നൂർ പള്ളിവിള വീട്ടിൽ ജനിൻ സുദർശനൻ ഗുരുതരവസ്ഥയിൽ വെഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിൽ .