1

പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറി പേരിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒന്നാണെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ 8 വർഷമായി ഡിസ്‌പെൻസറി പ്രവർത്തനം ആരംഭിച്ചിട്ട്. ഒരു മാസത്തിൽ15 ദിവസം പോലും ഡോക്ടറുടെ സേവനം ഇവിടെ കിട്ടാറില്ല. എല്ലാ ദിവസവും രാവിലെ തുറക്കുകയും വൈകിട്ട് അടയ്ക്കുകയും ചെയ്യുക എന്നതാണ് ഹെൽപ്പർ ശ്രീകുമാരിയുടെ ദൗത്യം. ഞായറാഴ്ച പൊതു അവധി ദിവസമാണ്. അന്ന് ഡിസ്‌പെൻസറി പ്രവർത്തനമില്ല. മാസത്തിൽ ഒരു ദിവസം ഡി.എം.ഒ മീറ്റിംഗ് ഉണ്ടാകും. അന്ന് തിരുവനന്തപുരത്താണ്. ആഴ്ചയിൽ ഒരുദിവസം നിർബന്ധമായും നെയ്യാറ്റിൻകര ആശുപത്രിയിൽ ഒ.പി. ഡ്യൂട്ടി ചെയ്തിരിക്കണം. ചിലപ്പോൾ രണ്ട് ദിവസവും വേണ്ടിവരും. ഒന്നോ രണ്ടോ ദിവസം അംഗൻവാടി വിസിറ്റ്. മറ്റൊരു ദിവസം പാലിയേറ്റീവ് കെയർ ഡ്യൂട്ടി. കൂടാതെ ഗ്രാമ പഞ്ചായത്തിന്റെ മീറ്റിംഗുകൾക്കും പങ്കെടുക്കേണ്ടി വരും. ഈ ദിവസങ്ങളിലെല്ലാം ഡിസ്പെൻസറി തുറക്കുമെങ്കിലും ഡോക്ടറുടെ സേവനമില്ല. പലരും പഴയകടയിൽ ബസ്സിറങ്ങി രണ്ട് കിലോമീറ്ററോളം നടന്നാണ് ആശുപത്രിയിലെത്തുന്നത്. അപ്പോഴാണ് അറിയുന്നത് ഡോക്ടർ ഇല്ലെന്ന വിവരം. ചിലർ നിരാശയോടെ മടങ്ങും അടുത്ത ദിവസത്തേയ്ക്ക്. മറ്റ് ചിലർ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. പരിസരവാസികൾക്ക് ഇത് നിത്യ കാഴ്ചയാണ്.

തിരുപുറം ഗ്രാമ പഞ്ചായത്തിന്റെ കേന്ദ്രമാണ് പഴയകട ജംഗ്ഷൻ. അവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ഹോമിയോ ഡിസ്പെൻസറി. വളരെ കാലങ്ങൾക്ക് മുമ്പ് ആണ്ടിക്കുടിയിലെ കൊച്ചു പാർവ്വതി അഞ്ച് സെന്റ് ഭൂമി പഞ്ചായത്തിന് ധാനമായി നൽകി. ഈ ഭൂമിയിൽ ഒരു അംഗൻവാടി പണിത് പ്രവർത്തനം നടന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് പന്ന്യൻ രവീന്ദ്രൻ എം.പി.യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് ഒരു സാംസ്കാരിക നിലയം കൂടെ ഇവിടെ പണിതത്. 2009-ൽ പണി പൂർത്തീയാക്കിയ കെട്ടിടത്തിൽ 2010 ജൂൺ 8ന് എൻ.ആർ.എച്ച്.എം ന്റെ പഞ്ചായത്തുതല ഹോമിയോ ഡിസ്‌പെൻസറി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ ഡിസ്‌പെൻസറിയിൽ ബി.പി. പരിശോദനയ്ക്കുള്ള ഉപകരണം പോലുമില്ല. അത്യാവശ്യം ഫർണിച്ചറുകളും വേണ്ടതാണ്. കെട്ടിടത്തിന്റെ സ്ഥലപരിമിതി വല്ലാതെ വീർപ്പുമുട്ടിക്കുന്നു. പ്രവർത്തനമുള്ള ദിവസങ്ങളിൽ 50മുതൽ 60വരെ രോഗികൾ വന്നു പോകാറുണ്ട്. വാഹന സൗകര്യവും സ്ഥലപരിമിതിയും പരിഹരിക്കാനായാൽ ഈ ഹോമിയോ ഡിസ്‌പെൻസറി നാടിന് ഗുണമാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.