vellayani

തിരുവനന്തപുരം: ആഫ്രിക്കൻ പായലും കുളവാഴയും മാലിന്യവും നിറഞ്ഞ് നാശത്തിലേക്ക് പോകുന്ന വെള്ളായണി കായലിന്റെ സ്വാഭാവിക പരിസ്ഥിതി തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നാട്ടുകാർ. കാന്താരി, ഹോപ്പ്, നീർത്തടാകം, ശംഖൊലി തുടങ്ങിയ സംഘടനകളും അതിനായി മുന്നോട്ടുവന്നിട്ടുണ്ട്. ആഫ്രിക്കൻ വിക്ടോറിയ തടാകം വൃത്തിയാക്കി വാർത്തകളിൽ ഇടം നേടിയ പരിസ്ഥിതി പ്രവർത്തകനും കെനിയൻ വംശജനുമായ ഡേവ് ഒജയ്, പ്രശസ്ത നർത്തകിയും വെള്ളായണി നിവാസിയുമായ ദക്ഷാസേത്ത്, കാന്താരി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ചെയ്ഞ്ച് സ്ഥാപകരായ ജർമ്മൻ സ്വദേശി സബ്രിയ, നെതർലാൻഡ് സ്വദേശി പോൾ ക്രോണൻ ബർഗ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ. കായൽ സംരക്ഷണത്തിനുള്ള കമ്മിറ്റികളുടെ അഭ്യർത്ഥന മാനിച്ച് സമീപത്തെ കായൽക്കര റസിഡന്റ്സ് അസോസിയേഷൻ, ദേവി റസിഡന്റ്സ് അസോസിയേഷൻ, മുകളൂ‌ർമൂല വികസന സമിതി തുടങ്ങിയവ ശുചീകരണത്തിനായി സഹകരിക്കുന്നുണ്ട്. വിദേശികളും സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ വലിയ ജനപങ്കാളിത്തത്തോടെയാണ് ശുചീകരണ യജ്ഞം നടക്കുന്നത്.

ജലനിരപ്പിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കായലിനെ മലിനമാക്കുകയാണെന്നും വിദഗ്ദ്ധർ പറയുന്നു. കായലിലേക്കുള്ള മാലിന്യ നിക്ഷേപവും ഇതിന് ആക്കംകൂട്ടുന്നു. അടുത്തിടെ ശിവോദയം കടവിന് സമീപം കായലിലേക്ക് ലോറിയിൽ കോഴിമാലിന്യം നിക്ഷേപിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ ഈ തടാകത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രാവർത്തികമാകുമ്പോഴും ഈ കായലിനെ തന്നെയാണ് ആശ്രയിക്കുന്നത്. തിരുവനന്തപുരത്തെ ഏകശുദ്ധീകരണ തടാകമായ വെള്ളായണി കായലിനെ സംരക്ഷിക്കേണ്ടത് നാട്ടുകാരായ തങ്ങളുടെ ഓരോരുത്തരുടെയും കടമയാണെന്ന് ശുചീകരണത്തിലേർപ്പെടുന്നവർ അഭിമാനത്തോടെ പറയുന്നു. കായൽ സംരക്ഷിക്കാൻ സർക്കാരും സംഘടനകളും ആവിഷ്‌കരിച്ച പദ്ധതികൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് സ്വമേധയാ ശുചീകരണപ്രവർത്തനം നടത്തി നാട്ടുകാർ മാതൃകയാകുന്നത്. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 2ന് കായലിന്റെ ഓരോ കടവ് വീതം വൃത്തിയാക്കാനാണ് ഇവരുടെ തീരുമാനം. ഒാരോ ദിവസം കഴിയുമ്പോഴും ശുചീകരണത്തിനെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് സന്നദ്ധപ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ്.