തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതൽ മഹാസമാധിവരെയുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കി കൗമുദി ടി.വി ഒരുക്കുന്ന മഹാഗുരു മെഗാപരമ്പരയുടെ പ്രചാരണയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്നലെ കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ റോഡ് ഷോയുടെ പതാക മുഖ്യമന്ത്രി പിണറായി വിജയൻ കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി. റെജിക്ക് കൈമാറി. കാസർകോട് വരെ എല്ലാ ജില്ലകളിലും പ്രധാനകേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന റോഡ്ഷോ ഇന്ന് രാവിലെ പാറശാലയിൽ നിന്നാരംഭിക്കും. ട്രെയിലർ പ്രദർശനവും റോഡ് ഷോയുടെ ഭാഗമായി നടക്കും. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും നാളെയുമാണ് തലസ്ഥാന ജില്ലയിൽ റോഡ് ഷോ നടക്കുന്നത്. ഇന്ന് രാവിലെ 9.30ന് പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ സെക്രട്ടറിയും ജില്ലാ ജാഥാക്യാപ്ടനുമായ ചൂഴാൽ ജി.നിർമ്മലന് പതാക കൈമാറുന്നതോടെ റോഡ്ഷോ ആരംഭിക്കും. തുടർന്ന് 11.15ന് റോഡ് ഷോ നെയ്യാറ്റിൻകരയിലെത്തും. പ്രസ് ക്ലബിന് മുന്നിൽ വച്ച് റോഡ് ഷോയ്ക്ക് സ്വീകരണം നൽകും. 12.30ന് അരുവിപ്പുറത്ത് എത്തും. വൈകിട്ട് 3ന് ബാലരാമപുരത്ത് എത്തിച്ചേരുന്ന റോഡ് ഷോയുടെ ആദ്യദിന സമാപനം
വൈകിട്ട് 5ന് പേട്ട എസ്.എൻ.ഡി.പി ശാഖാഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്നു രണ്ടാം ദിവസത്തെ റോഡ് ഷോ ആരംഭിക്കും. 9.30ന് എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയന്റെയും ചെമ്പഴന്തി ഗുരുകുലത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ ഭദ്രദീപം തെളിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ഇടവക്കോട് രാജേഷ് പതാക കൈമാറും. 12 മണിക്ക് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ എത്തിച്ചേരുന്ന റോഡ് ഷോയ്ക്ക് എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. ഉച്ചയ്ക്ക് 2ന് ചിറയിൻകീഴ് ശാർക്കര ശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂളിന് മുൻവശത്തുള്ള ദേവീക്ഷേത്ര മൈതാനത്ത് റോഡ് ഷോയ്ക്ക് എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. വൈകിട്ട് 4ന് വർക്കല മൈതാനത്ത് റോഡ്ഷോയ്ക്ക് സ്വീകരണം നൽകും. വൈകിട്ട് 6നാണ് കല്ലമ്പലം ജംഗ്ഷനിലെ സ്വീകരണം.