തിരുവനന്തപുരം: യുഗപുരുഷനായ ശ്രീനാരായണഗുരുദേവന്റെ ജീവിതം ചരിത്രകഥയായി വെള്ളിത്തിരയിൽ തെളിയുമ്പോൾ സദസ് നിശബ്ദമായി. പ്രേക്ഷകരായി മുഖ്യമന്ത്രിയും മന്ത്രിമാരും വിഭിന്ന മേഖലകളിലെ പ്രമുഖരുമടക്കം കൈരളി തിയേറ്റർ നിറഞ്ഞിരുന്നു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ആത്മീയസൂര്യനായ ഗുരുദേവന്റെ കർമ്മപഥങ്ങളിലെ അദ്ധ്യായങ്ങൾ ഒന്നൊന്നായി എത്തുന്നത് ഇമചിമ്മാതെ കാണുകയായിരുന്നു അവർ. കൗമുദി ടിവി നിർമ്മിക്കുന്ന മെഗാ പരമ്പരയായ മഹാഗുരുവിന്റെ പ്രിമിയർ ട്രെയിലർ പ്രദർശനം പൂർണമായപ്പോൾ നിലയ്ക്കാത്ത കരഘോഷം.
ഇന്നലെ രാവിലെ 9 ന് കൈരളി തിയേറ്ററിൽ നടന്ന പ്രദർശനത്തിൽ മുഖ്യാതിഥിയായി എത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രേക്ഷകരുടെ കൂട്ടത്തിൽ മന്ത്രിമാരായ ജി. സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.എൽ.എമാരായ സി. ദിവാകരൻ, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, മേയർ വി.കെ. പ്രശാന്ത്, കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ വി.എം. സുധീരൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി എന്നിവരുൾപ്പെടെ പ്രമുഖരുടെ നിര. ഒപ്പം, സ്വാമി പ്രകാശാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശിവബോധാനന്ദ, സ്വാമി വിദ്യാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി ശുഭാംഗാനന്ദ തുടങ്ങിയ സന്യാസിശ്രേഷ്ഠരും ക്ഷണിക്കപ്പെട്ട മറ്റു വിശിഷ്ടാതിഥികളും.
കേരളകൗമുദി സ്ഥാപക ദിനമായ ഫെബ്രുവരി 11ന് കൗമുദി ടിവിയിൽ നൂറ് എപ്പിസോഡുകൾ ഉള്ള പരമ്പര സംപ്രേഷണം ആരംഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 7 നും 10 നുമാണ് സംപ്രേഷണം.
പുതിയ കാലത്തിനായുള്ള പരമ്പര: മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ മഹത്വവും ദർശനങ്ങളും ജീവിതസന്ദേശവും പുതിയ കാലത്തിനു മുന്നിൽ എത്തിക്കുന്നതാണ് കൗമുദി ടിവി നിർമ്മിച്ച 'മഹാഗുരു' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'മഹാഗുരു' മെഗാ പരമ്പരയുടെ പ്രചാരണാർത്ഥം പാറശാല മുതൽ കാസർകോടു വരെ നടത്തുന്ന റോഡ് ഷോയുടെ പതാക കൗമുദി ടി.വി ബ്രോഡ്‌കാസ്റ്റിംഗ് ഹെഡ് എ.സി. റെജിക്ക് കൈമാറി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുരുവിനെക്കുറിച്ച് നമ്മുടെ എല്ലാവരുടെയും മനസിലുള്ളത് ഒട്ടും കുറവു വരാതെ അഭ്രപാളിയിൽ പകർത്താനായിട്ടുണ്ടെന്ന് നൂറ് എപ്പിസോഡുകൾ ഉള്ള പരമ്പരയുടെ ഒരു ഭാഗം കണ്ടപ്പോൾത്തന്നെ മനസിലായി.
ഗുരുവിന്റെ മഹത്വം ശരിയായ രീതിയിൽ സമൂഹത്തിൽ എത്തിക്കുന്ന വിധത്തിൽ പരമ്പരയിൽ ചിത്രീകരിക്കാനായിട്ടുണ്ട്. ഗുരുദർശനവും സന്ദേശങ്ങളും ഇന്നത്തെ സമൂഹത്തിനു മുന്നിൽ ശരിയായ തോതിൽ എത്തിക്കുക എന്നത് വളരെ പ്രധാനമാണ്. അതിലും 'മഹാഗുരു' വിജയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.