തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാൻ എയ്ഡഡ് സ്ക്കൂൾ അദ്ധ്യാപകർ സെക്രട്ടേറിയറ്റ് പടിക്കൽ യാചിക്കേണ്ട സ്ഥിതിയാണെന്ന് മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

കെ.ഇ.ആർ ഭേദഗതിക്കെതിരെ എയ്ഡഡ് സ്ക്കൂൾ അദ്ധ്യാപക- മാനേജ്മെന്റ് സംയുക്ത സമരസമിതി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോലി ചെയ്തവർക്ക് കൂലി നൽകാതെ തെരുവിലേക്ക് ഇറക്കിവിട്ടത് മനുഷ്യാവകാശ ലംഘനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ‌ഡോ.എം.സൂസപാക്യം പറഞ്ഞു.

ഇടതു സർക്കാർ എയ്ഡഡ് സ്ക്കൂൾ അദ്ധ്യാപകരുടെ കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയാണെന്ന് ചടങ്ങിൽ പ്രസംഗിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

എം.എൽ.എമാരായ കെ. മുരളീധരൻ, പി.ഉബൈദുള്ള, മുൻ എം.എൽ.എ കുട്ടി അഹമ്മദുകുട്ടി, കെ.സി.ബി.സി വിദ്യാഭ്യാസ സെക്രട്ടറി. ഫാ.ജോസ് കരിവേലിക്കൽ , സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർക്കി ആറ്റുപുറത്ത് എന്നിവർ പ്രസംഗിച്ചു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ, എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ, സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും നടത്തിയത്.