വിഴിഞ്ഞം: ആയ് രാജവംശത്തിന്റെ തലസ്ഥാന നഗരമായിരുന്ന വിഴിഞ്ഞത്ത് എ.ഡി ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഗുഹാ ക്ഷേത്ര പരിസരം കാട് വെട്ടിതെളിച്ച് മോടിയാക്കി. സുരക്ഷാ ജീവനക്കാരും എത്തി. വർഷങ്ങൾ പഴക്കമുള്ള സുരക്ഷയില്ലാതെ കാട് കയറി നശിക്കുന്ന വിഴിഞ്ഞത്തെ ഗുഹാക്ഷേത്രത്തെകുറിച്ച് കഴിഞ്ഞ 1ന് കേരളകൗമുദി വാർത്ത നല്കിയിരുന്നു. വിഴിഞ്ഞം ജംഗ്ഷനിൽ നിന്നും ഹാർബർ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ ഈ ഗുഹാ ക്ഷേത്രം ഒറ്റക്കല്ലിൽ തുരന്നുണ്ടാക്കിയ ഒറ്റമുറി മാത്രമുള്ള ഗുഹാക്ഷേത്രമാണ്. ആർക്കും കടന്നുചെല്ലാവുന്ന അവസ്ഥയിലുള്ള ഇവിടം 1960ൽ ആർക്കിയോളജി സർവേ ഒഫ് ഇന്ത്യ ഏറ്റെടുത്തു. ഇപ്പോൾ ചുറ്റുവേലി കെട്ടി സംരംക്ഷിച്ചുവരികയാണ്. ഗുഹാ ക്ഷേത്രം തേടി ചരിത്രാന്വേഷികളും ഗവേഷകരും എത്താറുണ്ട്. ക്ഷേത്രത്തിനുള്ളിലെ കിണർ പ്രദേശവാസികൾക്കു ജലക്ഷാമകാലത്തു പ്രയോജനകരമായിരുന്നു. ഇതിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗത്തിൽ ഇപ്പോഴും പ്രദേശവാസികൾ ഹാരം ചാർത്തുകയും വിളക്ക് തെളിക്കുകയും ചെയ്യുന്നുണ്ട്. പുരാവസ്തുവകുപ്പിന്റെ കൈകളിലുള്ള ഇവിടെ അടുത്തകാലത്തുവരെ പരിസരം വൃത്തിയായി സൂക്ഷിച്ചിരുന്നു. എന്നാൽ മാസങ്ങളായി വൃത്തിയാക്കാറില്ലായിരുന്നു.
എന്നാൽ ഇപ്പോൾ ഇവിടെ പരിസരം വൃത്തിയാക്കുന്നതിന് താത്കാലികമായി ഒരു സുരക്ഷാ ജീവനക്കാരനെ നിയമിച്ചിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരൻ ഉണ്ടെങ്കിലും അടിസ്ഥാ സൗകര്യങ്ങളുടെ അഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ സെക്യൂരിറ്റി മുറിയോ ശുചി മുറിയോ ഇല്ല. ജീവനക്കാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപ്പിലായില്ല.