തിരുവനന്തപുരം: വയലിൻ മാന്ത്രികൻ ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരണമടഞ്ഞ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം പാലക്കാട്ടെ ഡോക്ടറെ ചോദ്യം ചെയ്യും. ഹാജരാൻ നോട്ടീസ് നൽകി. പാലക്കാട്- തൃശൂർ അതിർത്തിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഡോക്ടറും ഭാര്യയും ബാലുവിന്റെ കുടുംബ സുഹൃത്തുക്കളാണ്. അപകടത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ബാലുവിന്റെ പിതാവ് സി.കെ.ഉണ്ണി പരാതി നൽകിയ സാഹചര്യത്തിലാണ് പൊലീസ് നടപടി. ഡോക്ടറും ബാലഭാസ്കറും തമ്മിൽ പത്തുവർഷമായി നടന്ന സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കണമെന്നാണ് പിതാവ് ആവശ്യപ്പെടുന്നത്.
എട്ടുലക്ഷത്തോളം രൂപയുടെ ഇടപാട് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യമായിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ഹാജരാക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും അക്കൗണ്ട് ട്രാൻസ്ഫർ വഴി പണം കൈമാറ്റം നടത്തിയോയെന്ന് പരിശോധിക്കുമെന്നും അതിനുശേഷം ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും സ്വത്തുവകകളും പരിശോധിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. പാലക്കാട്ടെ ഡോക്ടറുടെ ബന്ധുവായിരുന്നു അപകടസമയം ഇവർക്കൊപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുനെന്നും ബാലുവിന്റെ പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. ഒറ്റപ്പാലത്തും ചെറുതുരുത്തിയിലും ഇയാൾക്കെതിരെ സാമ്പത്തിക ഇടപാട് കേസുകളുണ്ടെങ്കിലും ബാലുവിന്റെ മരണവുമായി ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം. കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നുവെന്ന് ദൃക് സാക്ഷികളുടെയും രക്ഷാപ്രവർത്തകരുടെയും മൊഴികളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ അപകടസ്ഥലവും കാറും പരിശോധിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ദ്ധരുടെ സംഘത്തിന്റെ റിപ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടു.