ആറ്റിങ്ങൽ: നഗരത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നൂറു കണക്കിന് തെരുവുനായ്ക്കളാണ് റോഡുകളിലും പൊതുസ്ഥലങ്ങളിലും അലഞ്ഞ് നടന്ന് നാട്ടുകാർക്ക് ഭീഷണിയാകുന്നത്. അതിരാവിലെ പാൽ, പത്ര വിതരണത്തിന് പോകുന്നവരും ട്യൂഷന് പോകുന്ന വിദ്യാർത്ഥികളും തെരുവു നായ്ക്കളുടെ അക്രമത്തിനിരയാകുന്നു. കൂട്ടമായെത്തുന്ന തെരുവുനായ്ക്കൾ വീടുകളുടെ മതിൽ ചാടികടന്ന് കോഴി,​ നാൽക്കാലികൾ എന്നിവയെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. രാത്രിയാകുന്നതോടെ നഗരത്തിലെ പ്രധാന മാർക്കറ്റുകളും ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളും തെരുവുനായ്ക്കൾ കൈയടക്കും.

റോഡിന്റെ വശങ്ങളിലെ കുറ്റിക്കാടുകളിൽ കോഴിമാലിന്യവും ഭക്ഷണ അവശിഷ്ടങ്ങളും തള്ളുന്നതിനാൽ ഇവയ്ക്ക് ഇഷ്ടംപോലെ ഭക്ഷണം ലഭിക്കുന്നുണ്ട്. വാഹനങ്ങൾ ഇടിച്ച് ചാകുന്ന നായ്ക്കളും നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. നഗരസഭ തെരുവുനായ നിർമാർജ്ജനത്തിന് നടപടി സ്വീകരിക്കാറുണ്ട്.

പുതിയ കൗൺസിൽ വന്നതിന് ശേഷവും തെരുവ് നായ്ക്കളെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പ്രാദേശിക ഭരണകൂടങ്ങൾ നടത്തുന്ന ഇത്തരം ശ്രമങ്ങളൊന്നും വിജയം കാണുന്നില്ലെന്ന് തെളിയിക്കുന്നതാണ് തെരുവു നായ്ക്കളുടെ സജീവ സാന്നിധ്യം. പ്രാദേശിക ഭരണകൂടങ്ങൾ ഒരേസമയം തെരുവുനായ്ക്കളെ അമർച്ച ചെയ്യാൻ നടപടി സ്വീകരിച്ചാൽ മാത്രമേ പദ്ധതി പൂർണതോതിൽ ഫലപ്രാപ്തിയിലെത്തൂ. നായ്ക്കളെ കൊല്ലാൻ പാടില്ലെന്ന നിയമം നിലനിൽക്കുന്നുണ്ട്. രണ്ടു വർഷം മുൻപ് വൃദ്ധനെ തെരുവു നായ്ക്കൾ കടിച്ചു കൊന്നതിനെ തുടർന്ന് നാട്ടുകാരും പഞ്ചായത്തു മെമ്പർമാരും ചേർന്ന് നായ്ക്കളെ കൂട്ടത്തോടെ കൊന്നിരുന്നു. ഈ സംഭവത്തിൽ ഇവർ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്.

വഴിയോരങ്ങളിൽ ഭക്ഷണസാധനങ്ങളും മാംസാവശിഷ്ടങ്ങളും തള്ളുന്നത് ജനം ഒഴിവാക്കിയാൽ ഒരുപരിധിവരെ തെരുവുനായ ശല്യം ഒഴിവാക്കാനാവും. എത്രയും പെട്ടെന്ന് തെരുവുനായ ശല്യത്തിന് അധികൃതർ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.