തിരുവനന്തപുരം : എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തെക്കൻ മേഖലാജാഥ ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് നിന്നും വടക്കൻ മേഖലാ ജാഥ 16ന് കാസർകോട്ടെ കാഞ്ഞങ്ങാട് നിന്നും ആരംഭിക്കും. 'മോദി സർക്കാരിനെ അധികാരഭ്രഷ്‌ടമാക്കുക" എന്ന മുദ്രാവാക്യമുയർത്തിയും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനുമാണ് ജാഥകൾ സംഘടിപ്പിക്കുന്നത്. തെക്കൻജാഥയ്‌ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വടക്കൻ ജാഥയ്‌ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നൽകും.
ഇരുജാഥകളും മാർച്ച് രണ്ടിന് തൃശൂരിൽ സമാപിക്കും. എൽ.ഡി.എഫിലെ എല്ലാ കക്ഷി നേതാക്കളും ജാഥകൾക്ക് നേതൃത്വം നൽകുമെന്ന് കൺവീനർ എ. വിജയരാഘവൻ അറിയിച്ചു.
ദുർഭരണത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ വർഗീയ അസ്വസ്ഥത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ബി.ജെ.പിയുടെ ദുർഭരണം അവസാനിപ്പിച്ച് രാജ്യത്തെ രക്ഷിക്കാൻ ഇടതുപക്ഷ അംഗസഖ്യ പാർലമെന്റിൽ വർദ്ധിപ്പിക്കുക എന്ന സന്ദേശമാണ് എൽ.ഡി.എഫ് മുന്നോട്ടുവയ്‌ക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തകർക്കാനാണ് ശ്രമം. വിശ്വാസത്തിന്റെ പേരിൽ നുണ പ്രചരിപ്പിച്ച് ജനരോഷം ഇളക്കിവിടുകയാണെന്നും വിജയരാഘവൻ പറഞ്ഞു.