വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടി മകരമഞ്ഞിൽ മുങ്ങി തണുത്ത് വിറയ്ക്കുന്നു. ഒരാഴ്ചയായി ഉച്ചതിരിഞ്ഞ് ശക്തമായ മഞ്ഞ് വീഴ്ചയാണ് ഇവിടെ. പതിവിന് വിപരീതമായി തണുപ്പിന്റെ ആധിക്യവും വർദ്ധിച്ചിട്ടുണ്ട്. മഞ്ഞ് വീഴ്ച ചില ദിവസങ്ങളിൽ കല്ലാർ കടന്ന് ഇരുപത് കിലോമീറ്റർ താണ്ടി വിതുര വരെ വ്യാപിക്കാറുണ്ട്. ഇപ്പോൾ ഉച്ച കഴിഞ്ഞാൽ മഞ്ഞ് വീഴ്ച മൂലം കല്ലാർ ഗോൾഡൻവാലി കഴിഞ്ഞാൽ വാഹനങ്ങൾ ലൈറ്റ് തെളിച്ച് ഒാടിക്കണം. മഞ്ഞും തണുപ്പും വ്യാപിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കും വർദ്ധിച്ചു. അവധി ദിനങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ക്രിസ്മസ് അവധിക്കാലത്ത് ഒന്നരലക്ഷത്തിൽ പരം സഞ്ചാരികളാണ് പൊൻമുടി മലയിലെത്തിയത്. വാഹനഫീസ് ഇനത്തിൽ വനംവകുപ്പിന് മൂന്ന് ലക്ഷത്തോളം രൂപയും പിരിഞ്ഞുകിട്ടി. ഇൗ സീസണിൽ ക്രസ്മസ് ദിനത്തിലാണ് ഏറ്റവും കൂടുതൽ പേർ പൊൻമുടിയിലെത്തിയത്. ദേശീയ പണിമുടക്ക് ദിനങ്ങളിലും വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി.
വരുമാനം വർദ്ധിച്ചു: എന്നിട്ടും അവഗണന മാത്രം
രണ്ട് ദിവസങ്ങളിലായി അരലക്ഷത്തോളം പേരാണ് പൊൻമുടി സന്ദർശിക്കാനെത്തിയത്. പൊൻമുടി പൊലീസും, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങളും ഏറെ പണിപ്പെട്ടാണ് സഞ്ചാരികളെ നിയന്ത്രിക്കുന്നത്. ആദ്യമായാണ് പൊൻമുടിൽ ഇത്രയധികം തണുപ്പ് അനുഭവപ്പെടുന്നതെന്ന് പൊൻമുടി നിവാസികൾ പറയുന്നു. മഞ്ഞും തണുപ്പും കുളിർകാറ്റും മൂലം സംജാതമാകുന്ന കാലാവസ്ഥയിലെ വ്യതിയാനം സഞ്ചാരികൾക്ക് നവ്യാനുഭൂതി പകരുകയാണ്. എന്നാൽ പൊൻമുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വർദ്ധിച്ചിട്ടും ടൂറിസ്റ്റുകളോടുള്ള അധികാരികളുടെ അവഗണന തുടരുകയാണ്. അടസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത നിമിത്തം സഞ്ചാരികൾ നട്ടം തിരിയുകയാണ്. കൂടുതൽ സഞ്ചാരികൾ എത്തുന്ന ദിവസങ്ങളിൽ ഭക്ഷണവും വെള്ളവും വരെ കിട്ടാത്ത സ്ഥിതിവിശേഷമാണ്. മാത്രമല്ല, പ്രാഥമികാവശ്യങ്ങൾ നിറവേറ്റുവാനുമുള്ള ബുദ്ധിമുട്ടും നേരിടുന്നുണ്ട്. വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതമൂലം മഴപെയ്താൽ നനഞ്ഞ് കുതിരേണ്ട സ്ഥിതിയിലുമാണ്. പ്രഖ്യാപിച്ച കോടികളുടെ പദ്ധതികളൊക്കെ കടലാസിൽ ഉറങ്ങുകയാണ്.