തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ അസത്യപ്രചാരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആർ.ബി.ഐയുടെ വ്യവസ്ഥ മറികടക്കുന്നതിനും സഹകരണ മൂല്യവും ജനാധിപത്യ സംവിധാനവും തകർക്കുന്നതിനുമുള്ള ബോധപൂർവമായ ശ്രമമാണ് പ്രസ്‌താവനയ്‌ക്ക് പിന്നിൽ. ജില്ലാ സഹകരണ ബാങ്കുകളുടെ നിർവചനം തന്നെ ജില്ലയിലെ പ്രാഥമിക സംഘങ്ങളുടെ കേന്ദ്രസംഘം എന്നാണ്. സി.പി.എം അധികാരത്തിൽ വരുമ്പോൾ മാത്രമാണ് അത് മാറ്റാറുള്ളത്.
കേരള ബാങ്ക് രൂപീകരണത്തിന് നിലവിലുള്ള ജില്ലാ സഹകരണബാങ്ക് അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണമെന്നാണ് ആർ.ബി.ഐ നിർദ്ദേശം. കേരള സഹകരണ നിയമത്തിൽ മാറ്റം വരുത്തിയാൽ ഇത് മാറില്ല.
നൂറ് മുതൽ അഞ്ഞൂറ് കോടി വരെ നിക്ഷേപങ്ങളുള്ള കാർഷികേതര സഹകരണ സംഘങ്ങളെ മുഖ്യമന്ത്രി ആക്ഷേപിക്കുന്നത് ശരിയല്ല. കേരളത്തിൽ വായ്‌പ വിതരണം ചെയ്യുന്ന സഹകരണ സംഘങ്ങളുടെ ആസ്‌തി - ബാദ്ധ്യതകളുടെ കണക്ക് നബാർഡിലുണ്ട്. ഇവയെ ഒഴിവാക്കിയുള്ള കേരളബാങ്ക് രൂപീകരണം സഹകരണ മേഖലയ്‌ക്ക് ഗുണകരമല്ലെന്ന് നബാർഡ് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തിനായി അത് മറികടക്കാൻ ശ്രമിക്കുന്നത് സംസ്ഥാനത്തിനും സഹകരണ പ്രസ്ഥാനത്തിനും ഗുണകരമാവില്ല. അതിനാൽ മുഖ്യമന്ത്രി പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.