sabarimala-

തിരുവനന്തപുരം:പ്രളയത്തിൽ താറുമാറായ പമ്പാതീരം മണൽതിട്ട കെട്ടി പുനർനിർമ്മിക്കാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി.

ശബരിമലയിലെ സ്ഥലം സംബന്ധിച്ച് വനംവകുപ്പും ദേവസ്വം ബോർഡും തമ്മിൽ നിലനിന്നിരുന്ന ചില തർക്കങ്ങൾക്കും പരിഹാരമായി.രേഖകൾ പ്രകാരം 69 ഏക്കർ സ്ഥലമാണ് ദേവസ്വംബോർഡിനുള്ളത്. നിലവിൽ സന്നിധാനത്തും പരിസര പ്രദേശത്തുമായി 19 ഏക്കർ മാത്രമാണ് ബോർഡിന്റെ ഉപയോഗത്തിലുള്ളത്.ബാക്കി സ്ഥലം വനം വകുപ്പ് വിട്ടുകൊടുത്തിട്ടില്ല. ചില നിർമ്മാണപ്രവർത്തനങ്ങൾ വനംവകുപ്പിന്റെ എതിർപ്പ് മൂലം നടത്താൻ കഴിയുന്നില്ല.രേഖകൾ പ്രകാരമുള്ള സ്ഥലം ദേവസ്വംബോർഡിന് വിട്ടുകൊടുക്കാൻ യോഗത്തിൽ ധാരണമായി.

പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂ

ടിയതിനെ തുടർന്ന് ചാക്കുകളിൽ ശേഖരിച്ച മണൽ അവിടെ നിന്ന് മാറ്റും.ബേസ് ക്യാമ്പായ നിലയ്ക്കലിലും പമ്പയിലും മാസ്റ്റർപ്ളാൻ പ്രകാരം തീർത്ഥാടകർക്ക് വേണ്ടിയുള്ള നിർമ്മാണ ജോലികൾ ഉടൻ തുടങ്ങും. അടുത്ത മണ്ഡലകാലത്തിന് മുമ്പ് പൂർത്തിയാക്കും.

പമ്പയിലും നിലയ്ക്കലും മേലിൽ കോൺക്രീറ്റ് ഉപയോഗിച്ചുള്ള ഒരുവിധ നിർമ്മാണവും നടത്തില്ല. അതേസമയം തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ പരിസ്ഥിതിയെ ബാധിക്കാത്തവിധം ഒരുക്കും.

നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും വനം മന്ത്രി കെ.രാജുവിന്റെയും സാന്നിദ്ധ്യത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നത്.

വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വേണു, ദേവസ്വം സെക്രട്ടറി ജ്യോതിലാൽ,പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്ര് കൺസർവേറ്റർ,ദേവസ്വംബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, ദേവസ്വം സെക്രട്ടറി എൻ.വാസു തുടങ്ങിയവരും പങ്കെടുത്തു.

#തന്ത്രിക്ക് സമയം നീട്ടി നൽകി

ശബരിമലയിൽ സ്ത്രീപ്രവേശനത്തെ തുടർന്ന് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിയോട് വിശദീകരണം തേടി ദേവസ്വംബോർഡ് നൽകിയ നോട്ടീസിന് മറുപടി നൽകാനുള്ള സമയം രണ്ടാഴ്ച കൂടി നീട്ടിനൽകി.ജനുവരി 16നകം മറുപടി നൽകേണ്ടതായിരുന്നു. മണ്ഡല മകരവിളക്ക് കഴിഞ്ഞ് ജനുവരി 20 നാണ് സന്നിധാനത്ത് നിന്ന് ഇറങ്ങിയതെന്നും അതിനാൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും തന്ത്രി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.

തന്ത്രിയോട് വിശദീകരണം ചോദിക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടോ എന്ന ചോദ്യമുന്നയിച്ച് ബാംഗ്ളൂർ സ്വദേശി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.ഇതിന്റെ കൂടി അടിസ്ഥാനത്തിൽ നിയമവശങ്ങൾ ആലോചിക്കാൻ കൂടുതൽ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം ബോർഡ് യോഗം അംഗീകരിക്കുകയായിരുന്നു.