തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം സംബന്ധിച്ച് 1991ൽ ഹൈക്കോടതി നടത്തിയത് തെറ്റായ വിധിയാണെന്നും അത് സുപ്രീംകോടതി തിരുത്തിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശം നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി ആരോപിച്ചു. ഇടതുസർക്കാർ വസ്തുതകൾ മറച്ചുവച്ച് സുപ്രീംകോടതിയിൽ നല്കിയ സത്യവാങ്മൂലമാണ് ഈ വിധിയിലേക്ക് നയിച്ചത്.

1950ലെ തിരുവിതാംകൂർ- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പനുസരിച്ച് ശബരിമലയിൽ ദർശനവും പൂജകളും ഉത്സവകാല ചടങ്ങുകളും നടത്തേണ്ടത് ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് 1991ലെ മഹീന്ദ്രൻ കേസിലെ വിധി. ഇക്കാര്യങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചു. ഹിന്ദു സമുദായത്തിൽ വിശേഷമായ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്ന പ്രത്യേക വിഭാഗമാണ് അയ്യപ്പഭക്തർ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. 41 ദിവസത്തെ വ്രതാനുഷ്ഠാനം അവർക്ക് നിർബന്ധമാണ്. സ്ത്രീകളിൽ 10നും 50നും ഇടയ്ക്ക് പ്രായമുള്ളവർക്കു മാത്രമാണ് നിയന്ത്രണം. അത് അവിടത്തെ വിശ്വാസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്.
മഹീന്ദ്രൻ കേസിൽ തന്ത്രിമാരെയും ഹിന്ദുമത പണ്ഡിതരെയും വിസ്തരിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഭരണഘടനയുടെ 26 ബി അനുച്ഛേദമനുസരിച്ച് ആചാരസംരക്ഷണത്തിന്റെ ഭാഗമായി 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ദർശന നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി വിധിച്ചത്. സമാനമായ കാര്യങ്ങളാണ് ശബരിമല കേസിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയിലുമുള്ളത്. സുപ്രീംകോടതി പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ, ഇക്കാര്യങ്ങൾ സംസ്ഥാനം ശ്രദ്ധയിൽപ്പെടുത്തിയാൽ വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ തീരുമാനമുണ്ടാകും.