വർക്കല: വർക്കല ബ്ലോക്ക് പഞ്ചായത്തും ചെറുന്നിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സമർപ്പിച്ച ചെറുന്നിയൂർ കായൽതീരം ടൂറിസം പദ്ധതി അവതാളത്തിലായിട്ട് വർഷങ്ങളായതായി പരാതി. 2007 ൽ ചെറുന്നിയൂർ കായൽ തീരം കേന്ദ്രീകരിച്ച് നടന്ന അനധികൃത കൈയേറ്റങ്ങൾ മാദ്ധ്യമങ്ങൾ പുറത്ത് കൊണ്ടുവന്നതിനെ തുടർന്നാണ് ചെറുന്നിയൂരിന് വേണ്ടി തീരവികസന പദ്ധതികൾ രൂപം കൊണ്ടത്. ചെറുന്നിയൂർ കായൽ തീരം ടൂറിസം പദ്ധതിയുടെ പ്രാഥമിക സർവേകൾ പൂർത്തീകരിച്ചെങ്കിലും പദ്ധതിയുടെ പ്രാധാന്യം ഉൾക്കൊണ്ട് ചെറുന്നിയൂർ പുത്തൻകടവ്, പൊന്നും തുരുത്ത്, കോവിൽതോട്ടം എന്നീ കായലോര വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കാൻ അധികൃതർക്കായില്ല. ടൂറിസം സാദ്ധ്യതകൾ ഉൾക്കൊള്ളുന്ന ചെറുന്നിയൂർ കായലോരങ്ങൾ അവഗണന നേരിടുമ്പോഴും കോവിൽതോട്ടത്തിലെ പൊന്നുംതുരുത്തിനെ വിനോദസഞ്ചാരികൾ കൈവിടുന്നില്ല. അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടെ. ഗ്രാമീണ കാഴ്ചകളുടെ പറുദീസയായ വർക്കലയിലെ കായലോരങ്ങളെ കൈവെടിയാൻ പാപനാശത്ത് എത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾക്ക് കഴിയാറില്ല. ഗ്രാമീണ സൗന്ദര്യത്തിന്റെയും ടൂറിസത്തിന്റെയും നേർകാഴ്ചയായ ട്രാവൻകൂർ - ഷൊർണൂർ കനാൽ (ടി.എസ്. കനാൽ ) ഉൾപ്പെടുന്ന 12 കിലോമീറ്റർ നീളമുള്ള നടയറ - ശിവഗിരി - അഞ്ചുതെങ്ങ് കോവിൽതോട്ടം വരെയുള്ള കായലുകളുടെ സംഗമമാണ് വർക്കലയിലെ ഗ്രാമീണ ടൂറിസം കാഴ്ചകൾ.
പൊന്നിൻതുരുത്ത്
ചെറുന്നിയൂർ പുത്തൻ കടവിന് സമീപത്ത് അഞ്ചുതെങ്ങ് കോവിൽതോട്ടം കായലിലാണ് ചരിത്ര പ്രസിദ്ധമായ പൊന്നിൻതുരുത്ത്. രണ്ട് ഏക്കറോളം വിസ്തൃതിയുള്ള കുറ്റിക്കാടുകളാലും ഔഷധ ചെടികളാലും ചുറ്റപ്പെട്ട ഈ കൊച്ചു കായൽതീരത്ത് എല്ലാകാലാവസ്ഥയിലും സന്തുലനാവസ്ഥയാണെന്ന് പഴമക്കാരും പറയുന്നു വൃക്ഷലതാദികളും ദേശാടന പക്ഷികളും നീർനായ്കളും ഇവിടെ ധാരാളമായി കണ്ടു വരുന്നുണ്ട്. തുരുത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവ പാർവതിക്ഷേത്രവും സർപ്പക്കാവും ഉണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കായലിന്റെ മധ്യഭാഗത്തായുള്ള നേരിയ മൺ തിട്ടയിലാണെന്ന പ്രത്യേകതയും ഉണ്ട്. ടൂറിസത്തിന് അനന്തസാദ്ധ്യതകളുള്ള പൊന്നും തുരുത്തിനെയും ബന്ധപ്പെട്ട വകുപ്പും ജനപ്രതിനിധികളും അവഗണിക്കുകയാണ്.