കല്ലമ്പലം : അജ്ഞാത രോഗം ബാധിച്ച് ശരീരം തളർന്നു കിടപ്പിലായ മകനെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റാനാകുമെന്ന പ്രതീക്ഷയിൽ തന്റെ വാർദ്ധക്യം മറന്ന് പരിചരിക്കുകയാണ് ഒരമ്മ. തോട്ടയ്ക്കാട് വെട്ടിമൺകോണം കുന്നിൽ പുത്തൻ വീട്ടിൽ പരേതനായ സുഹീന്ദ്രന്റെ ഭാര്യ ലീല (70) ആണ് പരസഹായമില്ലാതെ ഒന്നനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന മകൻ അനിൽകുമാറിനുവേണ്ടി (49) പ്രതീക്ഷ കൈവിടാതെ എപ്പോഴും അരികിലുള്ളത്. ചുമട്ടുതൊഴിലാളിയായിരുന്ന ഭർത്താവ് 18 വർഷം മുമ്പ് ഇതേ അസുഖത്തെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചപ്പോൾ ഒന്ന് പതറിയെങ്കിലും മക്കളിലായിരുന്നു പിന്നീടുള്ള പ്രതീക്ഷ. എന്നാൽ വിധി മറ്റൊന്നായിരുന്നു. വിദേശത്തായിരുന്ന മകൻ അനിൽകുമാർ അച്ഛന്റെ അതേ അസുഖം മൂലം നാട്ടിലെത്തി. രോഗം മൂർച്ഛിച്ചതോടെ ഭാര്യയും മകനും ഇയാളെ ഉപേക്ഷിച്ചുപോയി. ലീലയുടെ മകൾ അജിതയും (45) ഇതേ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു മകനായ സുനിൽകുമാറിനും (47) അസുഖത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. നാല്പതു വയസ് പിന്നിടുമ്പോഴാണ് കുടുംബത്തിലെ ഓരോരുത്തർക്കായി ഈ അജ്ഞാത രോഗം പിടിപെടുന്നത്. നിത്യവൃത്തിക്ക് വഴി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ലീല ജീവിതത്തിനു മുമ്പിൽ പകച്ചു നിൽക്കുകയാണ്. സ്വന്തമായി ആകെയുള്ളത് ആറ് സെന്റ് ഭൂമിയും ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന നിലയിലായ വീടും മാത്രമാണ്. പതിനെട്ടു വർഷം മുമ്പ് ഒറ്റൂർ സഹകരണ ബാങ്കിൽ നിന്ന് ഇത് പണയപ്പെടുത്തി അര ലക്ഷം രൂപ ലോൺ എടുത്തിരുന്നു. അതിപ്പോൾ പലിശ ഉൾപ്പടെ ആറര ലക്ഷമായി. ഇപ്പോൾ ജപ്തി ഭീക്ഷണിയിലാണ്. മകന് ഒരു നേരത്തെ അന്നത്തിന് ബുദ്ധിമുട്ടുന്ന ഈ അമ്മ മകന്റെ ചികിത്സയ്‌ക്കായി സുമനസുകളുടെ സഹായം തേടുകയാണ്. അനിൽ കുമാറിന്റെ പേരിൽ കല്ലമ്പലം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 17340100060293. IFSC: FDRL0001734