കിളിമാനൂർ: മഹാദേവേശ്വരത്തു രാജാ രവിവർമ്മ ആർട്ട് ഗാലറിക് സമീപം ചെറുതോടിന് കുറുകെ സ്ഥിതി ചെയ്യുന്ന കലുങ്ക് അപകടാവസ്ഥയിൽ. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ കലുങ്കിന്റെ കൈവരികൾ മുഴുവൻ തകർന്ന നിലയിലാണ്. ഒരുകാലത്ത് നെൽപാടമായിരുന്ന മഹാദേവേശ്വരം ഏലായിലൂടെ സംസ്ഥാന പാതയിൽ നിന്ന് മങ്കാട് ആയിരവല്ലി പ്രദേശങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനും കർഷകർക്ക് കാർഷികോപകരണങ്ങളുമായി നെൽപാടങ്ങളിൽ എത്തുന്നതിനുമായിട്ടാണ് കലുങ്ക് നിർമ്മിച്ചത്. എന്നാൽ പിൽക്കാലത്ത് നെൽപാടങ്ങൾ മുഴുവൻ നികത്തി പ്രദേശം കര ഭൂമി ആക്കിയതോടെ കലുങ്ക് സ്ഥിതി ചെയ്യുന്ന റോഡ് തിരക്കേറിയതായി മാറി. മണ്ണിട്ട് നികത്തിയ നെൽപാടങ്ങളിൽ മുഴുവൻ ബഹുനില കെട്ടിടങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ആരാധാനാലായങ്ങളും കൈയ്യടക്കിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം വർദ്ധിച്ചു. കിളിമാനൂർ ടൗണിൽ ഗതാഗത കുരുക്കുണ്ടാവുമ്പോൾ ചെറുവാഹനങ്ങൾ ഈ കലുങ്കിലൂടെയാണ് പോകുന്നത്. അര നൂറ്റാണ്ടിനിടയിൽ നിരവധി തവണ റോഡ് ടാറിംഗ് ഉൾപ്പെടെ നടത്തിയെങ്കിലും കലുങ്കിന്റെ കാര്യം അധികൃതർ മറന്ന മട്ടാണ്. കാലപ്പഴക്കം കൊണ്ട് കലുങ്കിന്റെ ബേസ്‌മെന്റും പൊട്ടിപൊളിഞ്ഞിട്ടുണ്ട്. കലുങ്കിന്റെയും റോഡിന്റെയും ശോചനീയാവസ്ഥയെക്കുറിച്ച് പലവട്ടം കേരള കൗമുദി വാർത്ത നൽകിയിരുന്നു.
റോഡ് റീ ടാർ ചെയ്യുന്നതിന് 8 ലക്ഷത്തോളം രൂപ പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനം നടത്തുന്നതിന് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കലുങ്കിന്റെ കാര്യം അധികൃതർ ശ്രദ്ധിക്കുന്നില്ല. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരും സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.