news

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര , ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്റി പിണറായി വിജയന് ഉറപ്പുനൽകി. വിമാനക്കമ്പനികളുടെ സി.ഇ.ഒ മാരുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾക്ക് എയർഇന്ത്യ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കണമെന്ന് മുഖ്യമന്ത്റി ആവശ്യപ്പെട്ടു. അതിനുള്ള നിർദേശം നൽകിയതായി എയർ ഇന്ത്യ സി.എം.ഡി പി.എസ്. ഖരോള മുഖ്യമന്ത്റിയെ അറിയിച്ചു.

വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ കേന്ദ്രം അനുമതി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിൽ എയർഇന്ത്യ എക്സ്‌പ്രസിന്റെ നാല് അന്താരാഷ്ട്ര സർവീസുകളേയുള്ളൂ. ദുബായ്, ഷാർജ, അബുദാബി, മസ്‌ക്ക​റ്റ്, ദോഹ, ബഹ്‌റൈൻ, റിയാദ്, കുവൈത്ത്, ജിദ്ദ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആവശ്യമാണ്.

ശബരിമല വിമാനത്താവളത്തിനുള്ളത്തിനുള്ള സാധ്യതാപഠന റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. കാസർകോട്ടെ ബേക്കൽ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉത്തരേന്ത്യയിലേക്ക് കൂടുതൽ ആഭ്യന്തര സർവീസുകൾ വേനൽക്കാല ഷെഡ്യൂളിൽ ആരംഭിക്കുമെന്ന് എയർ ഇന്ത്യ ഉറപ്പുനൽകി. മാർച്ചോടെ എയർഇന്ത്യ എക്‌സ് പ്രസ് കണ്ണൂരിൽ നിന്ന് ബഹ്‌റൈൻ, കുവൈത്ത്, മസ്‌ക​റ്റ് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് സി.ഇ.ഒ കെ.ശ്യാംസുന്ദർ അറിയിച്ചു. നിലവിൽ ഷാർജ, അബുദാബി, റിയാദ്, ദോഹ സർവീസുകളുണ്ട്.

10 ആഭ്യന്തര കമ്പനികളുടെയും 12അന്താരാഷ്ട്ര കമ്പനികളുടേയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബേ, ജോയിന്റ് സെക്രട്ടറി ഉഷാ പാഡി, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യോമയാന പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കണ്ണൂർ വിമാനത്താവള എം.ഡി വി.തുളസീദാസ്, എയർപോർട്ട്‌സ് അതോറി​റ്റി ഒഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ എസ്. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

കണ്ണൂരിന് കിട്ടിയ ഉറപ്പുകൾ

ഇൻഡിഗോ ബംഗളുരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്‌ളി, ഗോവ സർവീസുകൾ 25ന് തുടങ്ങും.

 തിരുവനന്തപുരം സർവീസ് മാർച്ച് അവസാനം ആരംഭിക്കും, ദോഹ, കുവൈത്ത് സർവീസും മാർച്ചിൽ

ഗോ എയർ ബംഗളൂരു, ഹൈദരാബാദ്, മുംബയ്, മസ്‌കറ്റ് സർവീസുകൾ ആരംഭിക്കും

സ്‌പൈസ് ജെ​റ്റ് ബംഗളൂരു, ചെന്നൈ സർവീസ് തുടങ്ങും