തിരുവനന്തപുരം: പിരിച്ചുവിട്ട താത്കാലിക കണ്ടക്ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങി. എല്ലാവരെയും ജോലിയിൽ തിരിച്ചെടുക്കുക, അതിനു കഴിയില്ലെങ്കിൽ നിയമപരമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുയർത്തിയാണ് രണ്ടാം വട്ടം എംപാനലുകാർ സമരം നടത്തുന്നത്. വനിതകൾ ഉൾപ്പെടെയുള്ള സമരക്കാർ പൊരിവെയിലത്ത് റോഡിൽ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. സമരവേദിക്ക് ഇരുവശവും മറ്റ് സമരങ്ങൾ നടക്കുന്നതിനാലാണ് അവർ ശയന പ്രദക്ഷിണം നടത്താത്തത്.
പതിന്നാലു വർഷമായി തൊഴിലെടുക്കുന്നവരെ പിരിച്ചുവിടാനാവില്ലെന്നും ജീവനക്കാർക്ക് എല്ലാ സംരക്ഷണവും നൽകണമെന്നും സമരത്തിന് പിന്തുണയുമായി എത്തിയ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ സംഭവിച്ചത്. കെഎസ്.ആർ.ടി.സി നിലനിറുത്തുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണം. എംപാനൽ എന്ന വേർതിരിവ് വേണ്ട. ഒരേ പോലെ പണിയെടുക്കുന്നവരാണ് കെ.എസ്.ആർ.ടി.സി തൊഴിലാളികൾ. അവരെ ഒന്നിച്ചു കാണാൻ ട്രേഡ് യൂണിയനുകൾ ശ്രമിക്കണം. നിലനില്പിനു വേണ്ടിയുള്ള സമരമാണ് കെ.എസ്.ആർ.ടി.സിയിൽ നടക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പിരിച്ചുവിട്ട ജീവനക്കാരുടെ ജീവിതം വലിയ സാമൂഹ്യ പ്രശ്നമാണെന്ന് ബി.ജെ.പി വക്താവ് ജി.ആർ. പദ്മകുമാർ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠനം നടത്തിയാൽ മാത്രമേ കമ്പനിയെ രക്ഷിക്കാൻ കഴിയൂ . കുത്തഴിഞ്ഞ പോക്കാണ് ഇപ്പോഴത്തേത്. കെ.എസ്.ആർ.ടി.സിയിൽ ഓഡിറ്റിംഗ് നടത്തിയിട്ട് വർഷങ്ങളായി. സ്ഥാപനം നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. മാനേജ്‌മെന്റ് തലപ്പത്തിരിക്കുന്നവർ ഇക്കാര്യത്തിൽ പരിചയമില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
സമരം എം പാനൽ കൂട്ടായ്മ ജനറൽ സെക്രട്ടറി എം. ദിനേശ്ബാബു ഉദ്ഘാടനം ചെയ്തു.
സി.കെ. ഹരികൃഷ്ണൻ (സി.ഐ.ടി.യു), ആർ. ശശിധരൻ (ഐ.എൻ.ടി.യു.സി) എം.ജി. രാഹുൽ (എ.ഐ.ടി.യു.സി) തുടങ്ങിയവർ സംസാരിച്ചു.