വർക്കല: പുത്തൻ ചന്തയിൽ 15 അംഗസംഘം വ്യാപാരിയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച് പരിക്കേല്പിച്ചു. പുത്തൻചന്ത ശ്രീവിനായകയിൽ വി. ബോസ് (62), മക്കളായ ബിനു (30), വിഷ്ണു (25) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. പുത്തൻചന്ത പാലത്തിന് സമീപം വിനായകസ്റ്റോർ ഉടമയായ വി. ബോസ് വ്യാപാരി വ്യവസായി ഏകോപനസമിതി പുത്തൻചന്ത യൂണിറ്റ് മുൻ പ്രസിഡന്റാണ്. ബൈക്കുകളിലും ഓട്ടോയിലുമെത്തിയ അക്രമിസംഘങ്ങൾ ബോസിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷം ആക്രമിക്കുകയായിരുന്നു. ജനാലയിൽ തട്ടിവിളിച്ചത് കേട്ട് വാതിൽ തുറന്നിറങ്ങിയപ്പോഴാണ് ബോസിനെ ആക്രമിച്ചത്. തലയ്‌ക്ക് അടിയേറ്റ ബോസ് ബോധരഹിതനായി നിലത്തുവീണു. സംഭവസമയം ഭാര്യയും ബോസും മാത്രമാണ് വീട്ടുലുണ്ടായിരുന്നത്. സമീപത്തെ ക്ഷേത്രത്തിലെ കാവടി ഉത്സവ സ്ഥലത്തായിരുന്നു മക്കൾ. വിവരമറിഞ്ഞ് ആദ്യം ഓടിയെത്തിയ ബിനുവിനെ അക്രമികൾ ആദ്യം മർദ്ദിച്ചവശനാക്കി. പിന്നാലെ എത്തിയ വിഷ്‌ണുവിനെയും അക്രമികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിഷ്‌ണുവിന്റെ തല‌യ്‌ക്കും മുതുകിനും കൈകാലുകൾക്കും ബോസിന്റെ തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. നിലവിളികേട്ട് നാട്ടുകാർ എത്തിയതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരും വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു

അക്രമികളെ അറസ്റ്റുചെയ്യണം. പുത്തൻചന്തയിൽ വ്യാപാരിയുടെ വീടുകയറി ആക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി. ജോഷിബാസു, പുത്തൻചന്ത യൂണിറ്റ് പ്രസിഡന്റ് കമറുദ്ദീൻ, സെക്രട്ടറി അനിൽകുമാർ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് പരാതി നൽകിയതായും ഭാരവാഹികൾ അറിയിച്ചു.