തിരുവനന്തപുരം : സർക്കാർ ജനങ്ങൾക്കൊപ്പമെന്നത് പ്രചാരണ വാചകം മാത്രമല്ലെന്നും ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന ക്ഷേമ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടിതം, അസംഘടിതം എന്ന വ്യത്യാസമില്ലാതെ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും കൂലിയും സാമൂഹ്യസുരക്ഷയും പ്രദാനം ചെയ്യുന്ന പ്രവർത്തനങ്ങളാണ് തൊഴിലാളികൾക്കായി നടപ്പാക്കുന്നത്. രാജ്യത്തെ 79 ശതമാനം തൊഴിൽ മേഖലയിലും സുരക്ഷിതത്വമില്ലെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട സർവേയിൽ പരാമർശിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുക, കോർപറേറ്റുകൾക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്യുക എന്നതാണ് രാജ്യത്തെ പൊതുവായ രീതി. എന്നാൽ കേരളം ഇതിൽ നിന്നു വിഭിന്നമാണ്‌.
അന്യസംസ്ഥാന തൊഴിലാളികൾക്കടക്കം സമഗ്ര ഇൻഷ്വറൻസ്, ആരോഗ്യ പരിരക്ഷ, മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം, കൂലി വർദ്ധന എന്നിവയ്ക്ക് നിയമം കൊണ്ടുവന്നു. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭാഷ പഠിക്കാനുള്ള സൗകര്യവും ലഭ്യമാക്കി. അതേസമയം, ചെയ്യാത്ത ജോലിക്ക് കൂലി, അമിതമായ കൂലി എന്നിവ നിയമം മൂലം നിരോധിക്കുകയും ചെയ്തു. ആരോഗ്യകരമായ തൊഴിലാളി - തൊഴിലുടമ ബന്ധമാണ് നിലവിലുള്ളത്. അസംഘടിത തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തുന്നത് രാജ്യത്ത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ടെക്സ്റ്റൈൽ, കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലടക്കം തൊഴിലാളികൾക്ക് ആഴ്ചയിൽ ആറു ദിവസം ജോലിയും ഒരു ദിവസം ശമ്പളത്തോടെ വിശ്രമവും നൽകുന്ന വിധം തൊഴിൽ നിയമം പരിഷ്കരിച്ചെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.