വിഴിഞ്ഞം: പഴയ വാർഫിനു സമീപത്തെ ചുറ്റുമതിൽ തകർന്നിട്ട് മാസങ്ങളായിട്ടും അധികൃതർ മൗനത്തിൽ. കസ്റ്റംസ് ഓഫീസും, തുറമുഖ വകുപ്പിന്റെ കീഴിലുള്ള പോർട്ട് ഓഫീസും സ്ഥിതി ചെയ്യുന്നതിന് പിറകുവശത്തുള്ള ഈ മതിൽ എട്ടുവർഷങ്ങൾക്ക് മുൻപ് ഐ.എസ്.പി.എസ് കോഡ് മുഖാന്തരം സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നിർമ്മിച്ചതാണ്. എന്നാൽ ഇത് തകർന്നതോടെ ഇതുവഴി ഇപ്പോൾ ഇവിടെ ആർക്കും കടന്നുകയറാമെന്ന അവസ്ഥയാണുള്ളത്. പകൽ സമയത്തു പോലും ഇവിടെ മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. രണ്ട് വർഷം മുൻപ് പോർട്ട് ഉദ്യോഗസ്ഥരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവം ഉണ്ടായിട്ടുണ്ട്. രാത്രിയിൽ വാഹനത്തിൽ പഴയ ഓടുകളും കെട്ടിടാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ടു തളളുന്നതായും പരാതിയുണ്ട്. കൂടാതെ വലിയ കടപ്പുറത്തിനു സമീപത്തെ മതിലിന്റെ ഭാഗങ്ങളും തകർന്ന നിലയിലാണ്. ചുറ്റുമതിൽ നിർമ്മിച്ചിരുന്നുവെങ്കിലും ഗേറ്റ് പൂട്ടാറില്ലായിരുന്നു. വാർഫിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
സഞ്ചാരികൾ അടുക്കുന്ന തീരം
വിനോദ സഞ്ചാരികളുമായി കപ്പലുകൾ അടുക്കുന്നത് ഈ വാർഫിലാണ്. തീര സൗന്ദര്യം ആസ്വദിക്കാൻ ഇവിടെ എത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് ഇവിടത്തെ വൃത്തിഹീനമായ അന്തരീക്ഷവും സുരക്ഷയില്ലായ്മയുമാണ്. മാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചരക്കുകൾ കയറ്റി അയയ്ക്കുന്നതും ഈ വാർഫിൽ നിന്നാണ്. ഇവിടെ എമിഗ്രേഷൻ ഓഫീസ് പ്രവർത്തനം തുടങ്ങുന്നതിനുള്ള നപടികൾ അവസാന ഘട്ടത്തിലാണ്.