തിരുവനന്തപുരം : സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലും, കൊല്ലത്ത് ഒന്നും, മലപ്പുറത്തെ രണ്ടും ബ്ളോക്ക് പഞ്ചായത്തുകളിലും, ആലപ്പുഴയിലെ രണ്ടും, പാലക്കാട്, കണ്ണൂർ ജില്ലകളിലെ ഒന്നുവീതം നഗരസഭാ വാർഡുകളിലും, എറണാകുളം കോർപറേഷനിലെ ഒരു വാർഡിലുമാണ് ഉപതിരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റചട്ടം 16 ന് നിലവിൽ വന്നു. നാമനിർദ്ദേശപത്രിക 28 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 29ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം 31 ആണ്. വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങി വൈകിട്ട് 5 ന് അവസാനിക്കും. 15ന് രാവിലെ 10 നാണ് വോട്ടെണ്ണൽ.