തിരുവനന്തപുരം: തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗവും ദേശീയ സെക്രട്ടേറിയറ്റംഗം ഡി. രാജയുടെ ഭാര്യയുമായ ആനിരാജയെ സ്ഥാനാർത്ഥിയാക്കുന്നതും പാർട്ടി നേതൃത്വത്തിന്റെ ചർച്ചകളിലുള്ളതായി സൂചന.
ബെന്നറ്റ് എബ്രഹാമിനെ പരീക്ഷിച്ച് വിവാദത്തിലായ കഴിഞ്ഞ തവണത്തെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇത്തവണ ശക്തമായ പോരാട്ടം നടത്തണമെന്ന നിലപാടിലാണ് സി.പി.ഐ. എന്നാൽ, ശശി തരൂരിനെ പരാജയപ്പെടുത്താൻ ശക്തിയുള്ളയാളെ അണിനിരത്താനായില്ലെങ്കിൽ ക്ഷീണമാവുകയും ചെയ്യും..
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ശക്തമായ സാന്നിദ്ധ്യമറിയിച്ച മണ്ഡലമാണ് തിരുവനന്തപുരം. 2014ൽ സ്ഥാനാർത്ഥി നിർണയത്തിലെ പിഴവിന് സി.പി.ഐക്ക് കനത്ത വില നൽകേണ്ടി വന്നതും അതുകൊണ്ടായിരുന്നു. ഒ. രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബെന്നറ്റിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പേമെന്റ് സീറ്റെന്ന പഴിയും കേട്ടു.
ഇത്തവണ രാഷ്ട്രീയ സാഹചര്യം സങ്കീർണമാണ്. ഇടതുപക്ഷത്തിന് നിർണായകമായ കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പാർട്ടികൾ നിർബന്ധിതരാണ്. അനുവദിക്കുന്ന നാല് മണ്ഡലങ്ങളിലും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി ശക്തമായ പോരാട്ടത്തിനുള്ള ശ്രമത്തിലാണ് സി.പി.ഐ. എം.എൻ. ഗോവിന്ദൻ നായരെയും പി.കെ. വാസുദേവൻ നായരെയും പോലുള്ള മഹാരഥന്മാരെ വിജയിപ്പിച്ചെടുത്ത തിരുവനന്തപുരം മണ്ഡലത്തിൽ മങ്ങിയ പ്രഭാവം തിരിച്ചുപിടിക്കുകയെന്നത് പാർട്ടിക്ക് അഭിമാന പ്രശ്നവുമാണ്.
ഒരു തവണ തിരുവനന്തപുരത്ത് നിന്ന് വിജയിച്ച ജനകീയ നേതാവ് പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയർന്നെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന നിലപാടിൽ നിൽക്കുന്നു. നിർണായക ഘട്ടത്തിൽ പി.കെ.വിയെ ഇറക്കി വിജയിച്ചത് പോലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കളത്തിലിറക്കണമെന്ന വാദവുമുയരുന്നുണ്ട്. സി. ദിവാകരന്റെ പേരാണ് ചർച്ചകളിൽ കേൾക്കുന്ന മറ്റൊരു പേര്. തിരുവനന്തപുരം, കോട്ടയം സീറ്റുകൾ ജനതാദൾ- എസുമായി വച്ചുമാറുമെന്ന പ്രചാരണങ്ങളുണ്ടെങ്കിലും പാർട്ടി നേതൃത്വം അത് തള്ളുന്നു.