australian-open-serena-wi
AUSTRALIAN OPEN serena williams

. ടോപ് സീഡ് സിമോണ ഹാലെപ്പിനെ

കീഴടക്കി സെറീന വില്യംസ് ക്വാർട്ടറിൽ

മെൽബൺ : കാലമെത്ര കടന്നാലും സെറീന പഴയ സെറീന തന്നെ. ഇന്നലെ ആസ്ട്രേലിയൻ ഒാപ്പണിന്റെ പ്രീക്വാർട്ടറിൽ നിലവിലെ ഒന്നാംറാങ്കുകാരിയും ടോപ് സീഡുമായ സിമോണ ഹാലെപ്പിനെതിരെ റാക്കറ്റേന്തി വിജയം വെട്ടിപ്പിടിക്കുമ്പോൾ 37 വയസായെന്നോ ഗർഭവും പ്രസവവും കഴിഞ്ഞ് കോർട്ടിലിറങ്ങിയതാണെന്നോ തോന്നിപ്പിക്കാതിരുന്നതാണ് സെറീനവില്യംസിന്റെ വലിയ വിജയം.

പ്രീക്വാർട്ടറിൽ ഹാലെപ്പിനെതിരെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സെറീന 6-1, 4-6, 6-4 ന് വിജയം കണ്ടത്. ഫ്രഞ്ച് ഒാപ്പൺ ചാമ്പ്യനായ സിമോണ സെറീനയുടെ ആദ്യസെറ്റിലെ ആദ്യ ഗെയിമിലെ ആദ്യസർവ് തന്നെ ബ്രേക്ക് ചെയ്തെങ്കിലും 20 മിനിട്ടിനുള്ളിൽ 6-1ന് സെറ്റ് നേടി സെറീന വിസ്മയം കുറിച്ചു. ആദ്യഗെയിമിനുശേഷം അപ്രസക്തമായ സിമോണ രണ്ടാം സെറ്റിൽ തിരിച്ചുവന്നെങ്കിലും അവസാന സെറ്റിൽ സെറീനയുടെ കരുത്തിന് മുന്നിൽ ഹാലെപ്പ് വീണുപോയി. ഒരു മണിക്കൂൾ 47 മിനിട്ടുകൊണ്ടായിരുന്നു അമേരിക്കൻ താരത്തിന്റെ വിജയം.

ക്വാർട്ടർ ഫൈനലിൽ ഏഴാം സീഡ് ചെക്ക് റിപ്പബ്ളിക്കൻ താരം കരോളിന പ്ളിസ്കോവയാണ് സെറീനയുടെ എതിരാളി. രണ്ട് ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള ചെക്ക് റിപ്പബ്ളിക്കിന്റെ ഗാർബിൻ മുഗുരുസയെ 6-3, 6-1ന് പ്രീക്വാർട്ടറിൽ തകർത്താണ് പ്ളിസ്കോവ ക്വാർട്ടറിലേക്ക് കടന്നത്.

24

തന്റെ 24-ാം ഗ്രാൻസ്ളാം ലക്ഷ്യമിട്ടുള്ള കുതിപ്പിലാണ് സെറീന വില്യംസ്.

37 കാരിയായ സെറീന 2017 ആസ്ട്രേലിയൻ ഒാപ്പണിലാണ് അവസാനമായി ഗ്രാൻസ്ളാം കിരീടമുയർത്തിയത്.

അതിനുശേഷം പ്രസവത്തിനായി കളിക്കളത്തിൽനിന്ന് ഇടവേളയെടുക്കുകയായിരുന്നു.

ഒരു ഗ്രാൻസ്ളാം കിരീടം കൂടി നേടിയാൽ സെറീനയ്ക്ക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള ആസ്ട്രേലിയക്കാരി മാർഗരറ്റ് കോർട്ടിന്റെ റെക്കാഡിനൊപ്പമെത്താം.