kerala-police

തിരുവനന്തപുരം: പൊലീസ് സേനയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷകളും ശാരീരിക അളവെടുപ്പും പി.എസ്.സിയിൽ നിന്നു മാറ്റി പൊലീസിനു തന്നെ തിരികെ നൽകാൻ നീക്കം. ആഭ്യന്തര വകുപ്പിലെ ചില ഉന്നതരുടെ താൽപര്യമനുസരിച്ചുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ഏഴുവർഷം മുമ്പു വരെ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു കായികക്ഷമതാ പരീക്ഷകൾ. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചെയർമാനും പി.എസ്.സിയിലെ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിലെ കായികാദ്ധ്യാപനും ഉൾപ്പെടുന്നതായിരുന്നു മൂന്നംഗ സമിതി. എന്നാൽ കായിക പരീക്ഷ ജയിപ്പിക്കുന്നതിന് പൊലീസിലെ ചില ഉന്നതർ കൈക്കൂലി വാങ്ങുന്നതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് പരീക്ഷാ നടത്തിപ്പ് പി.എസ്.സി ഏറ്റെടുത്തു. പി.എസ്.സി അണ്ടർ സെക്രട്ടറി ചെയർമാനായ ബോർഡാണ് നിലവിൽ കായികക്ഷമതാ പരീക്ഷയ്ക്കും ശാരീരിക അളവെടുപ്പിനും മേൽനോട്ടം വഹിക്കുന്നത്തത്.

പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്സ് തുടങ്ങി, യൂണിഫോമുള്ള തസ്തികകളിലേക്ക് കായിക ക്ഷമതാ പരീക്ഷകൾ പൊലീസ് തന്നെ നടത്തുന്നതു സംബന്ധിച്ച പഠനത്തിന് അഞ്ചംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ പൊലീസിന് അനുകൂലമായ റിപ്പോർട്ടാണ് ഉപസമിതി തയ്യാറാക്കുന്നത് എന്നാണ് അറിയുന്നത്. ഇത്തരം അഭ്യൂഹം പരന്നതോടെ പി.എസ്.സി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഉപസമതിയുടെ റിപ്പോർട്ട് ലഭിക്കാത്തതിനാൽ കഴിഞ്ഞ പി.എസ്.സി യോഗം ഈ വിഷയം ചർച്ച ചെയ്തിരുന്നില്ല.

''സംശുദ്ധമായ സിവിൽ സർവീസ് എന്ന ആശയത്തെ തകിടം മറിച്ച് അഴിമതിയും സ്വജനപക്ഷപാതവും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചാണ് കായികക്ഷമതാ പരീക്ഷകൾ പൊലീസ് വകുപ്പിനു നൽകാൻ ശ്രമിക്കുന്നത്. ഈ നീക്കം മുളയിലേ നുള്ളണം''

എം. മുഹമ്മദ് ജാസി,

സംസ്ഥാന പ്രസിഡന്റ് , എസ്.സി എംപ്ലോയീസ് അസോസിയേഷൻ