തിരുവനന്തപുരം: കനകക്കുന്നിൽ നടക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന്റെ രണ്ടാംദിനം കർണാടകയിൽ നിന്നുള്ള പ്രശസ്ത നർത്തകി വൈജയന്തി കാശിയും സംഘവും അവതരിപ്പിച്ച കുച്ചിപ്പുടി ആസ്വാദക ശ്രദ്ധ നേടി. പൂതനയും കൃഷ്ണനും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു കുച്ചിപ്പുടി. വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യയായ വൈജയന്തി കുച്ചിപ്പുടിയിലാണ് പ്രശസ്തയെങ്കിലും ഭരതനാട്യമുൾപ്പെടെ മിക്ക ക്ലാസിക് ഡാൻസുകളും വഴങ്ങും. വർഷങ്ങളായി നർത്തകി, ഗുരു, കർണാടക സംഗീത നൃത്ത അക്കാഡമി അദ്ധ്യക്ഷ എന്നീ നിലകളിലെല്ലാം കലാലോകത്തിന് സുപരിചിതയാണ് അവർ. എല്ലാ മേഖലകളിലുമുള്ള ആസ്വാദകർക്ക് ശാസ്ത്രീയ കലകൾ മനസിലാക്കാനാവുന്ന രീതിയിൽ അവതരണവും മാറണമെന്ന ചിന്തയിലൂടെ കാശി 'ഡാൻസ് ജാത്രെ' സംഘടിപ്പിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. 26 വരെ നീണ്ടുനിൽക്കുന്ന നൃത്തോത്സവത്തിൽ ഇന്ന് വൈകിട്ട് ആറിന് ടി. റെഡ്ഡി ലക്ഷ്‌മിയുടെ കുച്ചിപ്പുടിയും സുദീപ് കുമാർ ഘോഷിന്റെയും സംഘത്തിന്റെയും മണിപ്പൂരി ഡാൻസും നടക്കും.