kerala-psc

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവീസിൽ ഭിന്നശേഷിക്കാർക്കുള്ള സംവരണം മൂന്നിൽ നിന്ന് നാലുശതമാനമായി ഉയർത്താനുള്ള സർക്കാർ തീരുമാനത്തിൽ വ്യക്തതതേടി പി.എസ്.സി. ഇതുസംബന്ധിച്ച് സാമൂഹിക നീതി വകുപ്പിന് കത്ത് നൽകാൻ പി.എസ്.സി യോഗം തീരുമാനിച്ചു. 2017ലാണ് കേന്ദ്രസർക്കാർ ഭിന്നശേഷിക്കാരുടെ സംവരണം മൂന്നിൽ നിന്ന് നാലുശതമാനമാക്കി വിജ്ഞാപനം ഇറക്കിയത്. എന്നാൽ ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറവെടുപ്പിച്ചില്ല. ഭിന്നശേഷിക്കാർ പരാതിയുമായി സുപ്രീംകോടതിയെയും ട്രൈബ്യൂണലിനെയും സമീപച്ചതോടെയാണ് ഇതുസംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ കേരള പബ്ലിക് സർവീസ് കമ്മിഷനോട് ആവശ്യപ്പെട്ടത്.
നിലവിൽ പി.എസ്.സി തസ്തികളിൽ ഭിന്നശേഷിക്കാർക്ക് അവരുടെ വൈകല്യത്തിന്റെ ശതമാനം കണക്കാക്കി ഗ്രേസ് മാർക്ക് നൽകുന്നുണ്ട്. ഇതിന് പുറമേ സംവരണം കൂടി നൽകണമോ എന്ന സംശയം യോഗത്തിൽ ചില പി.എസ്.സി അംഗങ്ങൾ ഉയർത്തി. കാഴ്ച, കേൾവി, ശാരീരിക പരിമിതി നേരിടുന്ന മൂന്ന് വിഭാഗങ്ങൾക്കാണ് ഭിന്നശേഷി സംവരണമുള്ളത്. സംവരണം നാല് ശതമാനമാക്കുമ്പോൾ ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വെല്ലുവിളി എന്നിവരെ കൂടി പരിഗണിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ ഇവരെ ഏതൊക്കെ തസ്തികയിലേക്കാണ് പരിഗണിക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും പി.എസ്.സി സർക്കാരിനോട് ആവശ്യപ്പെടും. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് നൽകാവുന്ന ജോലികളുടെ പട്ടിക സാമൂഹിക നീതി വകുപ്പാണ് തയാറാക്കി പി.എസ്.സിക്ക് നൽകേണ്ടത്. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഉറുദ്ദു) തസ്തികയിലേക്ക് രണ്ട് തവണ എൻ.സി.എ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ ഈ ഒഴിവ് മാതൃറാങ്ക് പട്ടികയിലെ മറ്റ് സംവരണ വിഭാഗത്തിന് നൽകി നികത്താനും തീരുമാനിച്ചിട്ടുണ്ട്.