australian-open
australian open

മെൽബൺ : ആസ്ട്രേലിയൻ ഒാപ്പണിന്റെ പ്രീക്വാർട്ടറിൽ 16-ാം സീഡ് മിലാസ് റാവോണിച്ചിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റതിന്റെ ദേഷ്യം ജർമ്മൻ താരം അലക്സിസ് സ്വെരേവ് തീർത്തത് തന്റെ റാക്കറ്റിനോടാണ്. തോറ്റശേഷം തന്റെ റാക്കറ്റെടുത്ത് കോർട്ടിൽ കലിയടങ്ങുവോളം അടിച്ചുതകർക്കുകയായിരുന്നു സ്വെരേവ്.

നാലാം സീഡായ സ്വെരേവിനെ 6-1, 6-1, 7-6 നാണ് റാവോണിച്ച് കീഴടക്കിയത്. ആദ്യ രണ്ട് സെറ്റുകളിലും സ്വെരേവിന് കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്നാം സെറ്റിൽ ടൈബ്രേക്കർ വരെ എത്തിച്ചെങ്കിലും പിടിവിട്ടുപോയി. റാവോണിച്ചിന്റെ മികവ് പോലെതന്നെ സ്വെരേവിന്റെ പിഴവുകളും മത്സരഫലത്തെ സ്വാധീനിച്ചു. ഇതോടെയാണ് താരത്തിന്റെ കലിയിളകിയത്.

പുരുഷ സിംഗിൾസിൽ നിലവിലെ ഒന്നാം റാങ്കുകാരൻ നൊവാക്ക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിലെത്തി. പ്രീക്വാർട്ടറിൽ റഷ്യൻ താരം ഡാനിൽ മെദ്‌വേദിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ 6-4, 6-7, 6-2, 6-3 നാണ് നൊവാക്ക് കീഴടക്കിയത്.

എട്ടാം സീഡ് കെയ്‌നിഷികോറിയും 28-ാം സീഡ് ലൂക്കാസ് പോളിയും ക്വാർട്ടറിലെത്തിയിട്ടുണ്ട്. നിഷികോറി പ്രീക്വാർട്ടറിൽ കരേനോ ബുസ്‌തയെ 6-7, 4-6, 7-6, 6-4, 7-6 നാണ് തോൽപ്പിച്ചത്. അഞ്ചുമണിക്കൂർ അഞ്ചുമിനിട്ടാണ് മത്സരം നീണ്ടത്. ക്രൊയേഷ്യൻ താരവും 11-ാം സീഡുമായ ബോണ കോറിച്ചിനെ 7-6, 6-4, 7-5, 7-6ന് കീഴടക്കിയാണ് 28-ാം സീഡ് ലൂക്കാസ് പോളി ക്വാർട്ടറിലെത്തിയത്.

വനിതാ സിംഗിൾസിൽ നവോമി ഒസാക്കയും എലിന സ്വിറ്റോളിനയും അവസാന എട്ടിലിടം പിടിച്ചിട്ടുണ്ട്. നാലാം സീഡായ ഒസാക്ക 13-ാം സീഡ് സെവാസ്തോവയെ 4-6, 6-3, 6-4 നാണ് പ്രീക്വാർട്ടറിൽ കീഴടക്കിയത്. സ്വിറ്റോളിന അമേരിക്കൻ താരം മാഡിസൺ കെയ്സിനെ 6-2, 1-6, 6-1ന് കീഴടക്കി ക്വാർട്ടറിലേക്ക് കടന്നു.

ഇന്ന് നടക്കുന്ന പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലുകളിൽ റാഫേൽ നദാൽ ടിയാഫോയെയും സ്റ്റെഫാനോസ് സിറ്റ്‌സിവാസ് ബാറ്റിസ്റ്റ അഗൂട്ടിനെയും നേരിടും.