തിരുവനന്തപുരം: പ്രളയത്തിൽ കേടുവന്ന അരി തമിഴ്നാട്ടിലെ ഏജൻസികൾ വാങ്ങി പോളിഷ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സാദ്ധ്യത തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. എറണാകുളം കാലടിയിലെ സൈറസ് ട്രേഡേഴ്സിന് ലേലത്തിൽ നൽകിയ നെല്ലും അരിയും തൃശിനാപ്പള്ളിയിലെ ഒരു ഏജൻസിക്ക് കൈമാറിയതായും ഇത് കോയമ്പത്തൂരിൽ എത്തിയതായും വന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കത്ത്.
മനുഷ്യോപയോഗത്തിന് പറ്റാത്ത സാധനങ്ങൾ തമിഴ്നാട്ടിൽ നിന്ന് കേരള വിപണിയിലെത്തിക്കാനുള്ള നീക്കം തടയാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.