ഒാക്‌ലൻഡ് : വിജയകരമായ ആസ്ട്രേലിയൻ പര്യടനത്തിനുശേഷം ന്യൂസിലൻഡിലേക്ക് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ആദ്യ ഏകദിന മത്സരത്തിനിറങ്ങുന്നു. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 കളുമാണ് ഇന്ത്യ കിവീസുമായി കളിക്കുന്നത്.
ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് നിർണായകമാണ് ഇൗ പര്യടനം. ആസ്ട്രേലിയയിൽ ഏകദിന, ടെസ്റ്റ് പരമ്പര നേടിയത് വിരാട് കൊഹ്‌ലിക്കും സംഘത്തിനും ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ കംഗാരുക്കളെക്കാൾ വലിയ വെല്ലുവിളിയാണ് കിവികളിൽ നിന്നുണ്ടാവുക എന്നാണ് വിലയിരുത്തൽ.
ആസ്ട്രേലിയൻ ടീമിൽ സൂപ്പർ താരങ്ങളായ ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും ഉണ്ടായിരുന്നില്ല. എന്നാൽ കിവീസ് ടീമിൽ കരുത്തരായ താരങ്ങളുണ്ട്. വിരാട് കൊഹ്‌ലിക്ക് സമശീർഷനായി വിലയിരുത്തപ്പെടുന്ന താരമാണ് നായകനായ കേൻവില്യംസൺ. വെറ്ററൻ താരമായ റോസ് ടെയ്‌ലറാകട്ടെ മികച്ച ഫോമിലുമാണ്. 2015 നുശേഷം ഏകദിനത്തിൽ വിരാട് കൊഹ്‌ലിക്ക് മാത്രം പിന്നിലാണ് ടെയ്‌ലർ. അടുത്തിടെ പര്യടനത്തിനെത്തിയ ശ്രീലങ്കയെ എല്ലാ ഫോർമാറ്റിലും കിവീസ് തകർത്തു തരിപ്പണമാക്കിയിരുന്നു.
നാളെ നേപ്പിയറിലാണ് ആദ്യ ഏകദിനം. ഇൗ മത്സരത്തിനായി ഇന്ത്യൻ ടീം കഴിഞ്ഞദിവസം എത്തിച്ചേർന്നു. ഇന്നലെ പരിശീലനം നടത്തി.
ഇന്ത്യ -ന്യൂസിലൻഡ് ഏകദിന ഫിക്‌സ്ചർ
ജനുവരി 23
നേപ്പിയർ
ജനുവരി 26
മൗണ്ട് മൗംഗാനുയി
ജനുവരി 28
മൗണ്ട് മൗംഗാനുയി
ജനുവരി 31
ഹാമിൽട്ടൺ
ഫെബ്രുവരി 3-വെല്ലിംഗ്ടൺ
ഒന്നാം റാങ്കിൽ
കൊഹ്‌ലി തന്നെ
ദുബായ് : ആസ്ട്രേലിയയിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയെ ടെസ്റ്റ് പരമ്പര നേട്ടത്തിലേക്ക് നയിച്ച വിരാട് കൊഹ്‌ലി ഐ.സി.സി ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. ഇന്ത്യയാണ് നമ്പർവൺ ടെസ്റ്റ് ടീം.
ആസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ പ്ളേയർ ഒഫ് ദ സിരീസ് ചേതേശ്വർ പുജാരയാണ് റാങ്കിംഗിൽ മൂന്നാംസ്ഥാനത്ത്. പരമ്പരയിലെ രണ്ടാമത്തെ മികച്ച റൺ വേട്ടക്കാരനായ ഋഷഭ് പന്ത് കരിയർ ബെസ്റ്റായ 17-ാം റാങ്കിലെത്തി.
ബൗളർമാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദയാണ് ഒന്നാംസ്ഥാനത്ത്. ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും യഥാക്രമം അഞ്ചാമതും ഒൻപതാമതുമാണ്. പേസർ ജസ്‌പ്രീത് ബുംറ 15-ാം റാങ്കിലേക്ക് ഉയർന്നു.
ഇന്ത്യയോട് പരമ്പരയിൽ തോറ്റ ആസ്ട്രേലിയൻ ടീം അഞ്ചാം റാങ്കിൽ തുടരുകയാണ്.
922 പോയിന്റുകളുമായി വിരാട് കൊഹ്‌ലി ഒന്നാംസ്ഥാനത്ത് തുടരുന്നത്.
25 പോയിന്റുകൾക്ക് രണ്ടാം സ്ഥാനത്തുള്ള കേൻവില്യംസിനെക്കാൾ (897) മുന്നിലാണ് കൊഹ്‌ലി.
116 പോയിന്റുമായാണ് ഇന്ത്യ ടീം റാങ്കിംഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്