തിരുവനന്തപുരം: അകാലത്തിൽ പൊലിഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്കറിന് ഒരു സമർപ്പണം, ഒപ്പം സംഗീതക്കച്ചേരിയിൽ ലോക റെക്കാഡും. സംഗീതാദ്ധ്യാപികയായ സജ്ന വിനീഷിന്റെ ലക്ഷ്യം അതാണ്. സൂര്യ ഫെസ്റ്രിവലിനോടനുബന്ധിച്ച് തൈക്കാട് ഗണേശത്തിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് സജ്ന കച്ചേരി തുടങ്ങിയത്. ഇന്ന് രാത്രി എട്ടുമണിയോടെ സംഗീത പരിപാടി അവസാനിപ്പിക്കുമ്പോൾ 37 മണിക്കൂർ തുടർച്ചയായി കച്ചേരി നടത്തിയ ലോക റെക്കാഡ് സജ്നയുടെ പേരിലാവും. നിലവിൽ 36 മണിക്കൂറാണ് റെക്കാഡ്. വാദ്യോപകരണങ്ങളുടെ തനിയാവർത്തനമോ ഇടവേളയോ ഇല്ലാതെ, ശബ്ദവിശ്രമമില്ലാതെ തുടർച്ചയായി ഇത്രസമയം കച്ചേരി നടത്തുക തീർത്തും ശ്രമകരമാണ്. കർണാടക സംഗീതത്തിലെ കൃതികളും ശ്ളോകങ്ങളുമാണ് സജ്ന ആലപിക്കുന്നത്. തിരുവനന്തപുരം വിമെൻസ് കോളേജിൽ സംഗീത വിഭാഗത്തിൽ അസിസ്റ്രന്റ് പ്രൊഫസറാണ് നർത്തകി കൂടിയായ സജ്ന. മൈഥിലി ടീച്ചറുടെ ശിക്ഷണത്തിലാണ് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചത്. സംഗീതത്തിലേക്ക് വഴിതിരിച്ചുവിട്ടതും ടീച്ചർ തന്നെ. സംഗീതം കൂടുതലും അഭ്യസിച്ചത് ഡോ. ഓമനക്കുട്ടി ടീച്ചറുടെ ശിക്ഷണത്തിൽ. മെഡിക്കൽകോളേജിന് സമീപം പുതുപ്പള്ളി ലെയ്നിൽ ചിറയിൽ സുധീറിന്റെയും അനിതയുടെയും മകളാണ്. ഭർത്താവ് വിനീഷ് ദുബായിൽ എൻജിനിയർ. മൂന്നാം ക്ളാസ് വിദ്യാർത്ഥി രാഘവ് മകൻ.